പാറ്റ്‌ന : മണ്ണിനടിയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൂര്യ വിഗ്രഹം കണ്ടെടുത്തു . ബീഹാറില്‍ ഖനനത്തിനെയാണ് സംഭവം. സഹര്‍സ ജില്ലയിലെ ബാബ മാതേശ്വര്‍ ധാം ക്ഷേത്ര പരിസരത്ത് നടത്തിയ ഖനനത്തിനിടെയാണ് അപൂര്‍വ കരിങ്കല്‍ വിഗ്രഹം കണ്ടെത്തിയത് . ഇരു കൈകളിലും താമരപ്പൂക്കളുമേന്തി നില്‍ക്കുന്ന രീതിയിലുള്ള വിഗ്രഹത്തിന് മൂന്നടി ഉയരമാണുള്ളത് .
ക്ഷേത്ര വിപുലീകരണത്തിനായി പ്രദേശം കുഴിച്ചപ്പോഴാണ് വിഗ്രഹം കിട്ടിയതെന്നും , വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ച ശേഷം വിഗ്രഹം ക്ഷേത്രത്തിലേക്ക് മാറ്റിയതായും ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വിഗ്രഹം സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഹര്‍സ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ കിഷോര്‍ പറഞ്ഞു.
പാല രാജവംശത്തിന്റെ [എ.ഡി 750] കാലത്ത് നിര്‍മ്മിച്ചതാണ് വിഗ്രഹമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗ ഗവേഷകനായ റിപ്പുഞ്ജയ് കെ താക്കൂര്‍ പറഞ്ഞു . കോസി പ്രദേശത്ത് ഇത്തരം വിഗ്രഹങ്ങള്‍ മുന്‍പ് കണ്ടെത്തിയിട്ടുണ്ട് .
ഇസ്ലാമിക ആക്രമണത്തെ ഭയന്ന് അക്കാലത്ത് ആളുകള്‍ തങ്ങള്‍ ആരാധിക്കുന്ന ദേവ വിഗ്രഹങ്ങള്‍ ഭൂമിക്കടിയില്‍ കുഴിച്ചിടുകയോ കിണറുകളിലോ കുളങ്ങളിലോ ഉപേക്ഷിക്കുകയോ ചെയ്യുമായിരുന്നു .അത്തരത്തില്‍പ്പെട്ട വിഗ്രഹങ്ങളില്‍ ഒന്നാകാമിതെന്ന് പൂര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും ചരിത്ര ഗവേഷകനുമായ നരേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
Post Your Comments