തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കും. മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെയും ഈ ആറു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ജൂലൈ 24 രാത്രി 11.30 വരെ 2.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments