തിരുവനന്തപുരം : പെഗാസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സ്വന്തം ജനതയ്ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണ് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും എതിരായ ആക്രമണമാണ് കേന്ദ്രം നടത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ഭരണകൂടത്തെ എതിർക്കുന്നവരുടെയും ഭരണാധികാരികൾക്ക് സംശയമുള്ളവരുടെയും ഫോണുകൾ നിയമത്തിന്റെ മറ ഉപയോഗിച്ചും നിയമവിരുദ്ധമായും ചോർത്തിയ സംഭവങ്ങൾ ഇന്ത്യയിൽ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു വിദേശരാജ്യത്തിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇത്ര വ്യാപകമായി ഫോണുകൾ ചോർത്തിയ സംഭവം ആദ്യമാണ്. ഇത് വെറും ഫോൺ സംഭാഷണം ചോർത്തലല്ല എന്നതാണ് പ്രധാന കാര്യം. ലക്ഷ്യം വയ്ക്കുന്ന വ്യക്തിയുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെടുന്ന മുഴുവൻ വിവരവും ചോർത്തുകയാണ്. ഇ മെയിൽ സന്ദേശമുൾപ്പെടെ. സ്വന്തം ജനതയ്ക്കെതിരെ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം നടത്തുന്ന ചാരപ്പണിയാണിത്.
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആരുടെയൊക്കെ ഫോണുകളാണ് നിരീക്ഷണത്തിലായിരുന്നതെന്ന് നോക്കിയാൽ ഈ ചാരപ്പണിയുടെ ലക്ഷ്യം മനസ്സിലാകും. ഉന്നതരായ പ്രതിപക്ഷ നേതാക്കൾ, പ്രമുഖരായ പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ഭീമ കൊറേഗാവ് കേസിലെ ഇരകളെ സഹായിക്കുന്ന അഭിഭാഷകർ, സുപ്രീംകോടതിയിലെ ഒരു ജഡ്ജി, പ്രമുഖ ബിസിനസുകാർ. തീർന്നില്ല, കേന്ദ്രഭരണം നിയന്ത്രിക്കുന്നവർക്ക് സംശയമുള്ള ചില കേന്ദ്രമന്ത്രിമാരും പട്ടികയിലുണ്ട്. ബിജെപി സർക്കാരിനെ എതിർക്കുന്ന നേതാക്കളെയും സംഘടനകളെയും നിശ്ശബ്ദരാക്കുക, സ്വതന്ത്രമായ പത്രപ്രവർത്തനം അസാധ്യമാക്കുക, നീതിപൂർവകമായി നടക്കേണ്ട തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുക, സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകളെ തകർക്കുക, പ്രതിപക്ഷത്തിന്റെ പ്രചാരണം തടയുക, മനുഷ്യാവകാശ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുക ഇതൊക്കെയാണ് പെഗാസസ് ഉപയോഗിച്ച് ചെയ്യുന്നത് അല്ലെങ്കിൽ ലക്ഷ്യമിടുന്നത്.
ഇവിടെ നടക്കുന്നത് വെറും ഫോൺ ചോർത്തലല്ലെന്ന് സൂചിപ്പിച്ചുവല്ലോ. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളും സ്വതന്ത്രചിന്തയും പൗരൻമാരുടെ സ്വകാര്യതയും ഇല്ലാതാക്കുന്ന ഗൂഢപ്രവൃത്തിയാണ് നടക്കുന്നത്. ഇതൊന്നും അനുവദിക്കുന്നില്ലെങ്കിൽ എന്താണ് ജനാധിപത്യം? ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയ്‌ക്കും എതിരായ ആക്രമണമാണ് ബിജെപി സർക്കാർ നടത്തുന്നത്.ഭരണകൂടം സദാ ജനങ്ങളെ നിരീക്ഷിക്കുന്ന ഒരു നാട്ടിൽ സ്വതന്ത്രമായ ആശയവിനിമയംതന്നെ അസാധ്യമാകും. പേഴ്സണൽ കംപ്യൂട്ടറുകൾക്കു തുല്യമാണ് ഇന്ന് വ്യക്തികൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകൾ. അതിലെ വിവരങ്ങൾ പെഗാസസ് ഉപയോഗിച്ച് ചോർത്തുകയോ ലക്ഷ്യമിട്ട വ്യക്തികളെ നിരീക്ഷിക്കുകയോ ചെയ്തുവെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ ശക്തവുമാണ്. ആയിരത്തോളം ഫോൺ നമ്പറാണ് നിരീക്ഷണ ലിസ്റ്റിലുണ്ടായിരുന്നത്. ഇതിൽ മുന്നൂറോളം ഫോൺ പരിശോധിക്കുകയും 22 എണ്ണം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തുവെന്നാണ് പുറത്തുവന്ന വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
Read Also : ഒടുവിൽ ബിസിസിഐ വഴങ്ങി: ലങ്കയിൽ നിന്ന് രണ്ട് സൂപ്പർതാരങ്ങൾ ഇംഗ്ലണ്ടിലേക്ക്
മനുഷ്യാവകാശ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലാണ് പ്രശസ്തമായ ലാബിൽ ഫോണുകൾ പരിശോധിപ്പിച്ചത്. പാർലമെന്റിൽ വലിയ പ്രതിഷേധം ഉയർന്നിട്ടും സത്യം വെളിപ്പെടുത്താൻ മോഡി സർക്കാർ തയ്യാറായിട്ടില്ല. ദുർബലമായ പ്രതികരണമാണ് സർക്കാർ ഭാഗത്തുനിന്ന് വന്നത്. നിയമവിരുദ്ധമായി ഫോണുകൾ ചോർത്താൻ ഇന്ത്യയിൽ കഴിയില്ലെന്നാണ് ഐടി മന്ത്രി പറഞ്ഞത്. ഗവൺമെന്റുകൾക്കോ ഗവൺമെന്റ് ഏജൻസികൾക്കോ മാത്രമേ പെഗാസസ് വിൽക്കൂ എന്ന് ഇസ്രയേൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പെഗാസസ് സോഫ്റ്റ്‌വെയർ ഇന്ത്യാ ഗവൺമെന്റോ ഗവൺമെന്റ് ഏജൻസികളോ ഉപയോഗിച്ചോ ഇല്ലയോ എന്നാണ് പറയേണ്ടത്. അതുപറയാൻ നരേന്ദ്ര മോഡിക്കോ അമിത് ഷായ്ക്കോ കഴിഞ്ഞിട്ടില്ല.
വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും പരിമിതമായി നിരീക്ഷിക്കുന്നതിന് ഇന്ത്യൻ ടെലഗ്രാഫ് ആക്ട്, ഐടി ആക്ട്, ക്രിമിനൽ നടപടി ചട്ടം എന്നിവ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നുണ്ട്. എന്നാൽ, ദേശീയ സുരക്ഷയെയോ പൊതുജനങ്ങളുടെ സുരക്ഷയെയോ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രമേ നിയമപ്രകാരം ഇത്തരം നിരീക്ഷണം നടത്താൻ കഴിയൂ. ഇതിനപ്പുറം വ്യക്തികളുടെ ഫോണുകളിലെയും കംപ്യൂട്ടറുകളിലെയും വിവരങ്ങൾ ചോർത്താൻ ഒരു നിയമവും സർക്കാരിനെ അനുവദിക്കുന്നില്ല. മാത്രമല്ല, ഐടി ആക്ട് പ്രകാരം അത്തരം ചോർത്തൽ ക്രിമിനൽ കുറ്റവുമാണ്. ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും ഇന്ത്യാ ഗവൺമെന്റും തമ്മിലെ കേസിൽ 2017ൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപ്രധാന വിധിപ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ്. സ്വതന്ത്രചിന്തയും പൗരസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ഈ വിധി, ഭരണകൂടം ജനങ്ങളെ നിരീക്ഷിക്കുന്നതിനെ തടയുകയും ചെയ്യുന്നു. പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കുന്നതിന് കർശനമായ മൂന്ന് വ്യവസ്ഥ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഒന്ന്–സ്വകാര്യതയുടെ നിയന്ത്രണം നിയമപ്രകാരമായിരിക്കണം. രണ്ട്–നിയന്ത്രണം ഒഴിച്ചുകൂടാനാവാത്തതായിരിക്കണം.
Read Also : കേരള തീരത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രതാ നിര്‍ദ്ദേശവുമായി ഭരണകൂടം
ആവശ്യമായ തോതിലുമാകണം. മൂന്ന്–നിയന്ത്രണം രാജ്യ താൽപ്പര്യത്തിനായിരിക്കണം. സ്വകാര്യത മൗലികാവകാശം ആക്കിയ സുപ്രീംകോടതി വിധിപോലും കാറ്റിൽപ്പറത്തിയാണ് ഇവിടെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. ഇസ്രയേൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിയമവിരുദ്ധമായി നടത്തുന്ന നിരീക്ഷണം 2019ൽത്തന്നെ സിപിഐ എം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഐടി വകുപ്പിന്റെ, അന്ന് ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അനധികൃതമായ തരത്തിൽ ഒരിടപെടലും നടത്തുന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു. അന്ന് പാർലമെന്റിൽ സിപിഐ എം ഉന്നയിച്ച വസ്തുതകൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു.
നിരീക്ഷണവും ചോർത്തലും ഇപ്പോഴായാലും മുമ്പായാലും രാജ്യത്തിന്റെ താൽപ്പര്യത്തിനുവേണ്ടി ചെയ്തതിന് ഉദാഹരണമോ തെളിവോ ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ചോർത്തുന്ന വിവരങ്ങൾ ഉപയോഗിക്കുന്നത് രാഷ്ട്രീയമായ കാര്യങ്ങൾക്കാണ്. കർണാടകത്തിലെ ജനതാദൾ (എസ്) സർക്കാരിനെ അട്ടിമറിക്കാൻ 2019ൽ പെഗാസസ് ഉപയോഗിച്ചുള്ള ചോർത്തൽ നടന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ജെഡിഎസിലെയും കോൺഗ്രസിലെയും 17 എംഎൽഎമാരെ കൂറുമാറ്റിയാണ് എച്ച് ഡി കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ചത്. കൂറുമാറിയവരിൽ 11 പേർ ഇന്ന് കർണാടകത്തിൽ ബിജെപി മന്ത്രിമാരാണ്. നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ ഒരു സുപ്രീംകോടതി ജഡ്ജിയും ഉൾപ്പെടുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്. ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനംപോലും അസാധ്യമാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ബിജെപി സർക്കാർ 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിനു നേരെ നിരന്തരമായ ആക്രമണമാണ് നടക്കുന്നത്. സർക്കാരിനെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
Read Also : ക്യാൻസറിനെ തടയാൻ വെണ്ണ
നല്ലപങ്ക് മാധ്യമങ്ങളെ പ്രീണിപ്പിച്ചോ പേടിപ്പിച്ചോ സംഘപരിവാർ വരുതിയിലാക്കിക്കഴിഞ്ഞു. ഇതിനൊന്നും വഴങ്ങാതെ നിൽക്കുന്നവർക്കെതിരായ ആക്രമണം പലവിധത്തിലാണ്. അതിലൊന്നാണ് നിരീക്ഷണം. ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന സ്വതന്ത്ര സംഘടന തയ്യാറാക്കിയ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ 180ൽ 142–ാം സ്ഥാനത്താണ് ഇന്ത്യ. സ്വകാര്യതയ്ക്ക് സംരക്ഷണം കിട്ടുന്നില്ലെങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം തീർത്തും അസാധ്യമാകും. സദാ നിരീക്ഷിക്കപ്പെടുന്ന മാധ്യമപ്രവർത്തകർക്ക് ആരാണ് വിവരങ്ങൾ നൽകുക? ആരാണ് അവരോട് കാര്യങ്ങൾ തുറന്നുപറയുക? മോഡി സർക്കാരിനെതിരായ വാർത്തകൾ പുറത്തുവരുന്നതു തടയാനുള്ള ആസൂത്രിത നീക്കമായിട്ടേ ഈ നിരീക്ഷണത്തെ കാണാൻ കഴിയൂ. രാജ്യത്ത് ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കുന്നതിന് പ്രത്യേക മാതൃകതന്നെ ബിജെപി സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
2014 മുതൽ അതു നമുക്ക് കാണാൻ കഴിയും. എതിർ അഭിപ്രായങ്ങളും വിയോജിപ്പുകളും ഇല്ലാതാക്കുന്നതിന് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗിക്കുകയും സംഘപരിവാർ ഗ്രൂപ്പുകളെ കയറൂരി വിടുകയും ചെയ്യുന്നു. ആൾക്കൂട്ട കൊലപാതകങ്ങളും കൊള്ളയും നടത്തുന്ന സംഘപരിവാർ ക്രിമിനലുകൾക്ക് ഭരണത്തിന്റെ സംരക്ഷണം കിട്ടുന്നു. ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാൻ നുണപ്രചരിപ്പിക്കുന്നതിന് മികച്ച സംവിധാനംതന്നെ ബിജെപി ഒരുക്കിയിട്ടുണ്ട്. വരുതിയിലാക്കപ്പെട്ട മാധ്യമങ്ങൾ ഇതിന്റെ ഭാഗമാണ്. എതിർക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹ കേസുകളിൽ കുടുക്കി ജയിലിലടയ്ക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരം അടിച്ചമർത്തുന്നതിന് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഐപിസിയിലെ 124–എ (രാജ്യദ്രോഹക്കുറ്റം) ഇത്രയധികം ദുരുപയോഗിച്ച മറ്റൊരു സർക്കാരില്ല.
പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി 2014ൽ ആദ്യം പാർലമെന്റിലേക്ക് കടന്നുവന്ന ചിത്രം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. പാർലമെന്റിന് മുമ്പിൽ കുമ്പിട്ട് വണങ്ങിയശേഷമാണ് അദ്ദേഹം ജനാധിപത്യ സ്ഥാപനത്തിലേക്ക് പ്രവേശിച്ചത്. അതിനുശേഷം ചെയ്ത കാര്യങ്ങളോ? പാർലമെന്റിനെ നോക്കുകുത്തിയാക്കിയാണ് മോഡിയുടെ ഭരണം മുമ്പോട്ടുപോകുന്നത്. ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യ മര്യാദകളും കീഴ്വഴക്കങ്ങളും അംഗങ്ങളുടെ അവകാശങ്ങളും കാറ്റിൽപ്പറത്തുന്നു. മൂന്ന് കർഷകനിയമം പാസാക്കിയെടുത്തത് അംഗങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടാണ്. രാജ്യസഭയിൽ വോട്ടെടുപ്പുപോലും അനുവദിച്ചില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് 1975ൽ ഇന്ദിര ഗാന്ധി ജനാധിപത്യം അട്ടിമറിച്ചത്. അടിയന്തരാവസ്ഥ ഇല്ലാതെതന്നെ നരേന്ദ്ര മോഡി ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ഇല്ലാതാക്കുന്നു. പെഗാസസ് ഉപയോഗിച്ചുള്ള ചാരപ്പണി ഇതിന്റെ ഭാഗമാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം. എല്ലാ ഭിന്നതയും മറന്ന് ജനാധിപത്യവാദികൾ ഒന്നിച്ചുനിന്ന് മോഡി സർക്കാരിന്റെ ഫാസിസ്റ്റ് രീതികൾക്ക് കടിഞ്ഞാണിടണം.
Post Your Comments