തിരുവനന്തപുരം: ഫലപ്രദമായി വാക്‌സിനേഷന്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ദേശീയതലത്തില്‍ നേരത്തെ വിലയിരുത്തപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സീറോ വെയ്‌സ്‌റ്റേജ്, കൂടുതല്‍ ഡോസ് വാക്‌സിനേഷന്‍ എന്നീ കാര്യങ്ങളിലൊക്കെ നാം മുന്നിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 1,77,09,529 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞെന്നും ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് വാക്‌സിനേഷന്‍ ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം എന്നതും ശ്രദ്ധേയമാണ്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും വാക്‌സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളം വാക്‌സിന്‍ വിതരണം ചെയ്യുന്ന വേഗതയില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാന്‍ സമൂഹത്തില്‍ കുറഞ്ഞത് 60 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments