ബീജിംഗ് : ചൈനയിലെ വെള്ളപ്പൊക്കത്തിലെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. മറിഞ്ഞ കാറുകളുടെയും സബ്‌വേകളിലും തെരുവുകളിലും കുടുങ്ങിയ ആളുകളുടെ ഭയാനകവും ദയനീയവുമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 1.2 കോടിയിലധികം പൗരന്മാരുള്ള ഷെങ്‌ഷോ നഗരത്തിലെ മെട്രോ ലൈനിനുള്ളിൽ യാത്രക്കാർ കഴുത്തോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ചൈനയുടെ മധ്യ ഹെനാൻ പ്രവിശ്യയിൽ 1,000 വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ മഴയാണ് ഇതെന്ന് റിപ്പോർട്ടുകൾ.
ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ 617.1 മില്ലിമീറ്റർ മഴയാണ് ഷെങ്‌ഷ പ്രവിശ്യയിൽ രേഖപ്പെടുത്തിയത്. നഗരത്തിലെ വാർഷിക ശരാശരി മഴയ്ക്ക് (640.8 മില്ലിമീറ്റർ) ഏതാണ്ട് തുല്യമാണിത്. നിരവധി ഡാമുകൾ മഴയെ തുടർന്ന് തകർന്നിരുന്നു. ഇതും വെള്ളപ്പൊക്കത്തിന് കാരണമായി. വെള്ളത്തിന്റെ ഗതിമാറ്റി ഒഴുക്കുന്നതിനായി ഒരു ഡാം സൈന്യം തകർത്തതായും റിപ്പോർട്ടുകളുണ്ട്. ജനസംഖ്യയുള്ള ഒരു പ്രവിശ്യയെ സംരക്ഷിക്കുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്തതെന്നും മാദ്ധ്യമങ്ങൾ പറയുന്നു. എന്നാൽ, സൈന്യം ഡാം തകർത്തത് വഴി നിരവധി വീടുകളാണ് ഒഴുക്കിൽ പെട്ടത്.
നിരവധി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം നിയന്ത്രണാധീതമായതോടെ ഡാമുകളുടെ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന് കാരണം. രക്ഷാ പ്രവർത്തനത്തിനായി സൈന്യം രംഗത്തുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഷെൻഷൗ നഗരത്തിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഏറെ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചത്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഹെനാൻ പ്രവശ്യയിലെ ടണലുകളിൽ കുടുങ്ങിപ്പോയ അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. ഷെങ്ഷൗവിലെ വിമാനത്താവളത്തിൽ സർവീസുകൾ നിർത്തിവച്ചു. ഭൂഗർഭ റെയിൽ പാതകളിൽ വെള്ളം നിറഞ്ഞാണ് 12 പേർ മരിച്ചത്.
Post Your Comments