
ടോക്കിയോ: 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടത്താൻ തീരുമാനമായി. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് നടന്ന യോഗത്തിൽ എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഓസ്ട്രേലിയയെ തെരഞ്ഞെടുത്തത്. 2000ൽ നടന്ന സിഡ്നി ഒളിമ്പിക്സിന് 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്.
ഒളിമ്പിക്സിൽ ആതിഥേയരായ ജപ്പാനാണ് ഗെയിംസിൽ ആദ്യം ജയം കുറിച്ചത്. സോഫ്റ്റ് ബോളിൽ ഓസ്ട്രേലിയയെ 8-1ന് പരാജയപ്പെടുത്തികൊണ്ടാണ് ആദ്യ വിജയം സ്വന്തമാക്കിയത്. ജപ്പാന്റെ യൂനോ യുകീകോയാണ് വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റ യമാറ്റോ എന്നിവരും യൂനോയ്ക്ക് മികച്ച പിന്തുണ നൽകി.
Read Also:- സുപ്രധാന തീരുമാനങ്ങളുമായി ജർമ്മൻ ബുണ്ടസ് ലിഗ
അതേസമയം, ഫുട്ബോളിൽ ബ്രസീൽ, അമേരിക്ക, ചൈന, ബ്രിട്ടൺ, നെതർലൻഡ്സ്, ഓസ്ട്രേലിയ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ബ്രസീലിന് ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികൾ. സൂപ്പർതാരം മാർത്തയുടെ സാന്നിധ്യമാണ് ആദ്യ മെഡൽ ലക്ഷ്യമിടുന്ന ബ്രസീലിന്റെ കരുത്ത്. നാല് തവണ ചാമ്പ്യന്മാരായ അമേരിക്ക മേഗൻ റപ്പിനോ, കാർലി ലോയ്ഡ്സ്, അലക്സ് മോർഗൻ തുടങ്ങിയ താരങ്ങളെ അണി നിരത്തുന്നുണ്ട്.
Post Your Comments