ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷക കോടതിയില്‍ പ്രാക്ടീസ് ചെയ്തത് രണ്ടര വര്‍ഷം. ഇതിനിടെ, നടന്ന ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഒടുവില്‍ പിടിയിലാകുമെന്നായപ്പോള്‍ അഭിഭാഷക മുങ്ങി. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലായേഴ്സ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് ഒളിവില്‍ പോയത്.
ഇവര്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സെസി സേവ്യര്‍ തട്ടിപ്പ് നടത്തിയത് മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്ബര്‍ ഉപയോഗിച്ചായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആദ്യം ആലപ്പുഴയില്‍ ട്രെയിനിയായി എത്തുകയും ഒരുമാസത്തിന് ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
നിയമപഠനം നടത്തിയ ഇവര്‍ പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു. ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവര്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരം നിരവധി കമ്മിഷനുകളിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അറിയുന്നു. നിലവിലെ സാഹചര്യത്തില്‍ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടേക്കാം. സെസി സേവ്യര്‍ നിയമപഠനത്തില്‍ വിജയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ ഊമക്കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് ബാര്‍ അസോസിയേഷന് ഇവരോട് വിശദീകരണം ചോദിച്ചു.
ഇവര്‍ നല്കിയ നമ്പറില്‍ ഇങ്ങനെ ഒരു പേരുകാരി ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച് സെസി സേവ്യര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. എക്സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ ആറ് മാസത്തോളം ലൈബ്രറിയുടെ ചുമതലയും വഹിച്ചു. ബംഗളൂരുവില്‍ ആണ് സെസി സേവ്യര്‍ പഠിച്ചത്. കൂടെ പഠിച്ചവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് അറിയുന്നത്.
Post Your Comments