തിരുവനന്തപുരം: പുറത്തുനിന്നും വലിയ നിക്ഷേപ സാധ്യതകളാണ് കേരളത്തിലേക്കെത്തുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തില്‍ കേരളത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിക്ക് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ സംസ്ഥാനത്തിന് മുന്നില്‍ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും കേരളം ഇന്ത്യയുടെ റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് മേഖലയിലായാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മൂന്നംഗ സമിതി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. സമിതി മൂന്നു മാസത്തിനകം വ്യവസായ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തെ വ്യവസായികളും സംരംഭകരുമായി ആശയവിനിമയം നടത്തിയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക. പൊതുജനങ്ങള്‍ക്കും വ്യവസായങ്ങളെ സംബന്ധിച്ച് ധാരണയുള്ളവര്‍ക്കും അഭിപ്രായങ്ങള്‍ സമിതിയെ അറിയിക്കാം.
Post Your Comments