KeralaLatest NewsNews

സിക്ക വൈറസ്: ഉന്നത തല യോഗം ചേർന്നു: ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകിയിരിക്കുന്നത്.

Read Also: സിനിമാക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത്?: സജി ചെറിയാന് മറുപടിയുമായി നിർമ്മാതാവ്

സിക്ക വൈറസിന്റെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങൾ അതീവ ജാഗ്രതയോടെ വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടുപോവുകയും കൊതുകു നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി.

വീടും പരിസരവും കൊതുക് മുക്തമാക്കുകയും വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ട് രോഗവ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കണം. നേരത്തെ സാംക്രമിക രോഗങ്ങളെ തടയുന്നതിനായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മാതൃകാപരമായ രീതിയിൽ ഏർപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായ ശുചീകരണ പ്രവർത്തനങ്ങൾ സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയ്ക്ക് സമീപം വെച്ചാണോ ഉറങ്ങുന്നത്, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സിക്ക വൈറസ് വ്യാപനത്തിന് കാരണം കൊതുകുകളാണ്. അതിനാൽ കൊതുക് നിവാരണത്തിനുള്ള നടപടികൾ സ്വീകരിക്കുകയും വീടുകളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ പ്രചരിപ്പിക്കുകയും വേണം. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിച്ച് വീടും പരിസരവും സ്ഥാപനങ്ങളും കൊതുകിൽ നിന്നും മുക്തമാക്കണം. സർക്കാർ ഓഫീസുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. അത് ഉറപ്പാക്കണം.

വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാൻ സാധ്യതയുള്ള വെള്ളം കെട്ടിക്കിടക്കുന്ന ബക്കറ്റുകൾ, പൂച്ചട്ടികൾ, ടയറുകൾ മുതലായവ നിരീക്ഷിച്ച് കൊതുകുകൾ വളരാൻ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം. വീട്ടുമുറ്റത്തും പരിസരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാനിടയുണ്ട്. അവ ഒന്നുകിൽ നശിപ്പിക്കുകയോ അല്ലെങ്കിൽ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Read Also: ഇഡിയെ വെട്ടിലാക്കി ജാമ്യം നേടാന്‍ പുതിയ വഴി തേടി ബിനീഷ് കോടിയേരി : ബലപ്രയോഗത്തിലൂടെ കാര്‍ഡില്‍ ഒപ്പിടീച്ചതാണെന്ന് വാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button