തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറക്കുമെന്നു പ്രഖ്യാപിച്ച വ്യാപാരികള്‍ക്ക്, വേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി കളിച്ചാല്‍ മതിയെന്നും മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍.
മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കള്ളക്കടത്തുകാരോടുമല്ല, കടത്തു മുതല്‍ ഭാഗിച്ച് മൂന്നായി വീതം വച്ചതില്‍ പാര്‍ട്ടിക്കുള്ള വിഹിതം തരാത്തവരോടല്ല, കടവും ബാധ്യതകളും കയറി മുടിയാന്‍ പോകുന്ന വ്യാപാരികളോടാണ് മുഖ്യമന്ത്രിയുടെ ഈ വെല്ലുവിളിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഒന്നര വര്‍ഷമായി ജീവിതം മൊത്തം അടച്ചിട്ട്, വാടകയും നികുതിയും ഇന്‍ഷുറന്‍സുമൊക്കെ മുടങ്ങാതെ കൊടുക്കേണ്ടിവരുന്ന ഒരു സമൂഹത്തോടാണ് ഈ ധിക്കാരം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യരോട് ഇങ്ങനെ സംസാരിച്ചാല്‍ അവര്‍ തിരിച്ചും പ്രതികരിക്കും. അതങ്ങ് ക്യൂബയില്‍ മാത്രമല്ല, കേരളത്തിലും. കച്ചവടക്കാര്‍ രോഷം പ്രകടിപ്പിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ഫിനാന്‍സ് കമ്പനികളുടെ നടപടി പേടിച്ച് ആത്മഹത്യ ചെയ്തവരുണ്ട്. അവസാന തരി പൊന്നുംതാലിമാല പോലും തിരിച്ചെടുക്കാന്‍ നിവൃത്തിയില്ലാതെ ലേലം ചെയ്യാന്‍ വിട്ടു കൊടുക്കേണ്ടി വരുന്ന നിസഹായരുടെ നിരാശയില്‍ നിന്നുമാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അവര്‍ക്കുവേണ്ടി യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഇങ്ങനെ ഗുണ്ടാ മോഡലില്‍ പ്രതികരണങ്ങള്‍ കൂടി ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ളതാണ്,’- സുധാകരന്‍ പറഞ്ഞു.
Post Your Comments