Latest NewsKerala

സ്വാതിതിരുനാളിന്റെ കാലത്ത് ഖജനാവിലേക്ക് മാറ്റിയ വിലമതിക്കാനാവാത്ത നിധികുംഭങ്ങൾ ഉൾപ്പെടെ ക്ഷേത്രസാമഗ്രികൾ കാണാനില്ല

ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, അഷ്ടബന്ധം, കലശം തുടങ്ങിയവ നടക്കുമ്പോൾ അതിനായി ഈസമ്പത്ത്‌ ഉപയോഗിക്കാമെന്നും നീട്ടിൽ വ്യക്തമാക്കുന്നു.

ഓച്ചിറ : കൊല്ലവർഷം 1008 (എ.ഡി.1833) കർക്കടകമാസം 11-ന് സ്വാതിതിരുനാൾ മഹാരാജാവിന്റെ ആജ്ഞയാൽ ദിവാൻ സുബ്ബരായർ പുറപ്പെടുവിച്ച നീട്ടു (ഉത്തരവ്) പ്രകാരം ക്ഷേത്രങ്ങളിൽനിന്നും തിരുവനന്തപുരത്തെ ഹജൂർ ഖജനാവിലേക്ക് എത്തിച്ചത് വിലമതിക്കാനാവാത്ത നിധികുംഭങ്ങൾ. അവയെല്ലാം ഇപ്പോൾ എവിടെയെന്ന ചോദ്യം ഉത്തരമില്ലാതെ ഇപ്പോഴും അവശേഷിക്കുകയാണ്. കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പ് 1995-ൽ പുറത്തിറക്കിയ ‘ചരിത്രരശ്മികൾ’ എന്ന പുസ്തകത്തിലാണ് ഈ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലെ സ്വർണവും പണവും ജീവനക്കാരുടെ കൃത്യവിലോപം, മോഷണം, ക്ഷേത്ര ഊരായ്മക്കാരുടെ കൈകടത്തൽ, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയവമൂലം നഷ്ടപ്പെടുന്നതായി രാജാവിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. ക്ഷേത്രങ്ങളിലെ സ്വർണം, വെള്ളി, കാണിക്കവരവ് തുടങ്ങിയ ക്ഷേത്ര സ്വത്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ അവ തിരുവനന്തപുരത്തെ ഹജൂർ ഖജനാവിൽ എത്തിച്ച് അനാമത്തായി വെപ്പിച്ച് പ്രത്യേകം കണക്കുകൾ എഴുതിക്കണമെന്നും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, അഷ്ടബന്ധം, കലശം തുടങ്ങിയവ നടക്കുമ്പോൾ അതിനായി ഈസമ്പത്ത്‌ ഉപയോഗിക്കാമെന്നും നീട്ടിൽ വ്യക്തമാക്കുന്നു.

വൈക്കം ക്ഷേത്രത്തിൽനിന്നു പതിനായിരത്തിലേറെ പണ്ടങ്ങളും ശബരിമലക്ഷേത്രത്തിൽ ബിംബഹാനിവരുത്തി അവിടത്തെ മുതലും വെങ്കല പാത്രങ്ങളും വ്യാജം ചെയ്ത് കടത്തിക്കൊണ്ടുപോയതായും പലക്ഷേത്രങ്ങളിലും ഇങ്ങനെയുള്ള കൊള്ളയുണ്ടെന്നും നീട്ടിൽ പറയുന്നുണ്ട്. ഇത് തടയാനായി അത്യാവശ്യം തിരുവാഭരണങ്ങളും മറ്റ് ഉരുപ്പടികളും നാണയങ്ങളും ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ട് ബാക്കി മുതലുകളും മാസനടവരവും കാണിക്കയും ഉൾപ്പെടെ തിരുവനന്തപുരത്ത് ഹജൂർ ഖജനാവിലേക്ക് മാറ്റണമെന്നാണ് രാജാവ് ആജ്ഞാപിച്ചത്.

ഇതുപ്രകാരം ശുചീന്ദ്രം തിരുവട്ടാറ്‍ ഭൂതപ്പാണ്ടി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരത്ത് നീലകണ്ഠസ്വാമി കോവിൽ, അമ്പലപ്പുഴ, ആറൻമുള, ചെങ്ങന്നൂർ, തിരുവല്ല, വൈക്കം തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ സ്വത്തുക്കളെല്ലാം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായി രേഖയുണ്ടെന്ന് ചരിത്രഗവേഷകനായ ഓച്ചിറ തോട്ടത്തിൽ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറയുന്നു. കരുനാഗപ്പള്ളി തേവലക്കര ക്ഷേത്രം കൊള്ളയടിക്കാനെത്തിയ കൊച്ചിയിലെ പോർച്ചുഗീസ് ഗവർണറായിരുന്ന മാർട്ടിൽ അൽഫോൺസാ ഡിസുസയോട് ഉദ്യമത്തിൽനിന്നും പിൻമാറിയാൽ 12,000 പവൻ നൽകാമെന്ന് ക്ഷേത്ര അധികാരികൾ പറഞ്ഞു.

എന്നിട്ടും ക്ഷേത്രം കൊള്ളചെയ്യാൻ ശ്രമിച്ച പോർച്ചുഗീസ് സംഘത്തെ നാട്ടുകാർ സംഘടിച്ച് തുരത്തിയതും ചരിത്രം. ബ്രിട്ടീഷുകാരുടെ കാലത്ത് ഷൊർണ്ണൂരിൽനിന്നും കൊച്ചിയിലേക്ക് റെയിൽവേ ലൈൻ സ്ഥാപിക്കാൻ കൊച്ചിരാജാവ് ആവശ്യപ്പെട്ടപ്പോൾ ഫണ്ട് ഇല്ല എന്നായിരുന്നു മറുപടി. എന്നാൽ ഈ പദ്ധതി നടപ്പാക്കാനുള്ള മുഴുവൻ തുകയും തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ വിറ്റ് കൊച്ചി രാജാവ് നൽകുകയും പിന്നീട് പദ്ധതി നടപ്പാക്കുകയും ചെയ്തതും ചരിത്രരേഖകൾ വെളിവാക്കുന്നു.  അന്നത്തെ ഹജൂർ ഖജനാവ് ഇന്നത്തെ സെക്രട്ടേറിയറ്റാണ്. അവിടെ സമ്പത്തും നിധിശേഖരങ്ങളുമില്ല.  പിന്നെ ഇതെവിടെയെന്ന ചോദ്യമാണ് അവശേഷിക്കുന്നത് എന്നാണ് മാതൃഭുമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button