ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യശ്‌പാല്‍ ശര്‍മ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 1983 ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. ഇന്ത്യക്കു വേണ്ടി 37 ടെസ്‌റ്റുകളും 42 ഏകദിനങ്ങളും കളിച്ചു. ടെസ്‌റ്റില്‍ 1606 റണ്ണും ഏകദിനത്തില്‍ 883 റണ്ണും സ്വന്തം പേരിലാക്കി. 1983 ലോകകപ്പില്‍ യശ്‌പാലിന്റെ പ്രകടനം ഉജ്വലമായിരുന്നു. ലോകകപ്പിലെ രണ്ടാമത്തെ റണ്‍ വേട്ടക്കാരനായിരുന്നു.
1983ൽ കപിൽ ദേവിന്റെ കീഴിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ, തകർപ്പൻ പ്രകടനം പുറത്തെടുത്ത യശ്പാലിന്റെ പ്രകടനവും നിർണായകമായിരുന്നു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 60 റൺസെടുത്ത് ടോപ് സ്കോററായ യശ്പാൽ, ടൂർണമെന്റിലാകെ 34.28 ശരാശരിയിൽ 240 റൺസാണ് അടിച്ചുകൂട്ടിയത്. കരുത്തരായ വെസ്റ്റിൻഡീസിനെ ആദ്യ മത്സരത്തിൽ ഇന്ത്യ തോൽപ്പിക്കുമ്പോൾ 89 റൺസുമായി ടോപ് സ്കോററായതും മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതും യശ്പാൽ തന്നെ.
വിരമിച്ച ശേഷം അംപയറായും സിലക്ടറായും പരിശീലകനായും സേവനം ചെയ്തു. 2003–2006 കാലഘട്ടത്തിലും 2008ലും ദേശീയ ടീം സിലക്ടറായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ പരിശീലകനായിരുന്നു. 1954 ഓഗസ്റ്റ് 11ന് ലുധിയാനയിലായിരുന്നു ജനനം. 1972ൽ ജമ്മു കശ്മീർ സ്കൂൾസിനെതിരായ മത്സരത്തിൽ പഞ്ചാബ് സ്കൂൾസിനായി 260 റൺസ് അടിച്ചാണ് യശ്പാൽ ആദ്യമായി വാർത്തകളിൽ ഇടംപിടിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പഞ്ചാബ് ടീമിലേക്ക് വിളിയെത്തി. ചന്ദ്രശേഖറും ഇ.പ്രസന്നയും വെങ്കട്ടരാഘവനും ഉൾപ്പെടുന്ന ദക്ഷിണ മേഖലയ്‌ക്കെതിരെ ഉത്തര മേഖലയ്ക്കായി ദുലീപ് ട്രോഫിയിൽ 173 റൺസടിച്ചാണ് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ നേടിയത്.
Post Your Comments