ന്യൂയോർക്ക് : നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം ചൈനയിൽ നിന്നും രക്ഷപ്പെട്ടെത്തിയ മനുഷ്യാവകാശ പ്രവത്തകന് പൗരത്വം നൽകി അമേരിക്ക. അന്ധനായ മനുഷ്യാവകാശ പ്രവത്തകൻ ചെൻ ഗുവാങ്ചെംഗിനാണ് പൗരത്വം നൽകിയത്.
2012 ലായിരുന്നു ഇദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തത്. രാജ്യത്ത് എത്തിയതു മുതൽ ചെൻ അമേരിക്കൻ പൗരത്വം സ്വന്തമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ചൈനയുടെ ഉൾമേഖലകളിൽ കമ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ ശബ്ദമുയർത്തിയാണ് ചെൻ ശ്രദ്ധനേടിയത്. ഒറ്റ കുട്ടി നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഗർഭിണികളെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
ഇതോടെ 2005 ൽ കമ്യൂണിസ്റ്റ് സർക്കാർ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. ഒരു വർഷം നീണ്ടുനിന്ന വീട്ടുതടങ്കലിന് ശേഷം ചെനിനെ സർക്കാർ ജയിലിൽ അടയ്ക്കുകയും പിന്നീട് വീണ്ടും വീട്ട് തടങ്കലിലാക്കുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. ഇതോടെ എംബസി അധികൃതരുടെ സഹായത്തോടെ 2012 ൽ ചെനും കുടുംബവും അമേരിക്കയിൽ എത്തി.
അമേരിക്ക പൗരത്വം നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെൻ പറഞ്ഞു. ചൈനയിൽ മനുഷ്വാവകാശ ധ്വംസനങ്ങൾ തുടരുകയാണെന്ന് . ഇന്ന് ചൈനയിലെ ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. ഓൺലൈനിലൂടെയും അല്ലാതെയും രാജ്യത്തെ ജനങ്ങൾ തങ്ങളുടെ അവകാശത്തിനായി പോരാടുന്നുണ്ട്. ഇത് ചൈനീസ് സർക്കാരിനെ ഭയപ്പെടുത്തുന്നു. ഓരോ നിമിഷവും തങ്ങൾക്ക് ഭരണം നഷ്ടമാകുമോയെന്ന ഭയത്തിലാണ് ചൈനീസ് സർക്കാരെന്നും ചെൻ വ്യക്തമാക്കി.
Post Your Comments