ചര്‍മ്മത്തിന് പ്രായം കൂടുതല്‍ തോന്നിക്കുന്നതിനുള്ള പ്രധാനപ്പെട്ടൊരു കാരണമായി കണക്കാക്കപ്പെടുന്നത് സൂര്യപ്രകാശം നേരിട്ട് ഏറെ നേരം ഏല്‍ക്കുന്നതാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗമുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഈ പ്രശ്നമകറ്റാന്‍ സാധിക്കും. ഇതിനൊപ്പം തന്നെ സൂര്യപ്രകാശമേറ്റ് ചര്‍മ്മം നശിച്ചുപോകുന്നത് തടയാന്‍ ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാവുന്നതാണ്.
ഡയറ്റില്‍ ചില ഭക്ഷണങ്ങളുള്‍പ്പെടുത്തുന്നതിലൂടെ ചര്‍മ്മത്തെ ആരോഗ്യമുറ്റതും ഭംഗിയുള്ളതുമായി നിലനിര്‍ത്താനാകും. സിട്രസ് ഫ്രൂട്ട്സ് ആണ് ഈ പട്ടികയില്‍ ആദ്യമായി വരുന്നത്. ഇത് വൈറ്റമിന്‍-സിയാല്‍ സമ്പുഷ്ടമാണ്. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍പ്പിക്കുന്ന കേടുപാടുകളെ പരിഹരിക്കാന്‍ ഇവയ്ക്കാകും.
ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ‘ബീറ്റ കെരാട്ടിന്‍’ ശരീരത്തിലെത്തുന്നതോടെ വൈറ്റമിന്‍- എയായി മാറുന്നു. ഇത് വെയിലില്‍ നിന്നുണ്ടാകുന്ന ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കും.
ആരോഗ്യപരിപാലനത്തിന് പ്രാധാന്യം കൊടുക്കുന്നവരെല്ലാം പതിവായി കഴിക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. സൂര്യപ്രകാശം ചര്‍മ്മത്തിലേല്‍പ്പിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍ ആന്റിഓക്സിഡന്റുകള്‍’ സഹായിക്കുന്നു.
തക്കാളി തേക്കുന്നത് മുഖചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യാറുണ്ട്. ‘UVA’, ‘UVB’ കിരണങ്ങളെ ആകിരണം ചെയ്യാന്‍ തക്കാളിയിലടങ്ങിയിരിക്കുന്ന ‘ലൈസോപീന്‍’ എന്ന പദാര്‍ത്ഥത്തിനാകും.
നട്ട്സും സീഡ്സും പോഷകങ്ങളാല്‍ സമൃദ്ധമാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3- ഫാറ്റിആസിഡുകളാണ് ചര്‍മ്മത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായകമാകുന്നത്.
Post Your Comments