തുര്‍ക്‌മെനിസ്താൻ: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങൾ കൈയ്യടക്കി താലിബാൻ. 20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബഡാക്ഷൻ പ്രവിശ്യ പോലുള്ള സ്ഥലങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് ജില്ലകൾ ആണ് താലിബാൻ ഏറ്റെടുത്തത്. ഇറാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള പ്രധാന അതിര്‍ത്തി പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കി.
താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ആയിരത്തോളം സൈനികര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. അയല്‍രാജ്യമായ തജികിസ്താനിലേക്കാണ് സൈനികര്‍ രക്ഷപ്പെട്ടത്. താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ജീവരക്ഷാര്‍ത്ഥമാണ് സൈനികർ രക്ഷപെട്ടത്. 1600 സൈനികര്‍ ഓടിരക്ഷപെട്ടുവെന്നും ഇതിനു സാധിക്കാതെ വന്ന ചിലർ താലിബാനു മുന്നിൽ കീഴടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
ചില ഇടങ്ങളിലെ സൈനിക പാതകളെല്ലാം താലിബാന്‍ കൈക്കലാക്കിയതോടെ മറ്റുമാര്‍ഗമില്ലാതെ സൈനികര്‍ അയല്‍രാജ്യത്തേക്ക് കടക്കുകയായിരുന്നു. താലിബാൻ തീവ്രവാദികളുമായി ഏറ്റുമുട്ടിയ ശേഷമാണ് ഈ ഒളിച്ചോട്ടമെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ ജീവൻ രക്ഷിക്കാനായി സൈന്യം അതിർത്തിയിൽ നിന്ന് പിന്മാറിയതായി താജിക്കിസ്ഥാനിലെ അതിർത്തി കാവൽക്കാരന്റെ പ്രസ്താവനയിൽ പറയുന്നു.
യുഎസും യുകെയും സഖ്യകക്ഷികളും 20 വർഷത്തിനുശേഷം അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറുന്നതിനിടയിലാണ് താലിബാന്റെ ഈ ആക്രമണം. രാജ്യത്തിന്റെ സുരക്ഷ ഏറ്റെടുക്കേണ്ടിയിരുന്ന അഫ്ഗാൻ സൈന്യം താലിബാന്റെ ആക്രമണത്തിൽ ഭയചകിതരാണ്. ഇപ്പോൾ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും നിയന്ത്രിക്കുന്നത് താലിബാൻ ആണെന്നാണ് റിപ്പോർട്ട്.
Post Your Comments