ദുബൈ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമനടപടികള്‍ക്കൊരുങ്ങി പ്രവാസികള്‍. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസില്‍ പ്രവാസികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ഹാഷിക് തൈക്കണ്ടി കക്ഷിചേര്‍ന്നു. അഡ്വ. ദീപക് പ്രകാശ് വഴി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് അഡ്വ. ഹാഷിക് കക്ഷിചേര്‍ന്നത്.
പ്രവാസികളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണം, മരിച്ചവരുടെ രേഖകള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ലോക കേരളസഭ അംഗം കൂടിയായ അഡ്വ. ഹാഷിക് കക്ഷിചേര്‍ന്നത്. ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ മറ്റ് പ്രവാസി സംഘടനകളുമായി ചേര്‍ന്ന് നിയമനടപടി സ്വീകരിക്കുമെന്ന് യു.എ.ഇ കെ.എം.സി.സി അറിയിച്ചു.
പ്രവാസികളെ കോടതിവിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഒപ്പുശേഖരണം നടത്തുമെന്ന് ഷാര്‍ജ മലയാളി കൂട്ടായ്മ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമ്പോള്‍ പ്രവാസികളെയും ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയിലുള്ള അഭിഭാഷകര്‍ മുഖേന പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു. പരിഹാരം കണ്ടില്ലെങ്കില്‍ സുപ്രീംകോടതിയില്‍ ഹർജി ഫയല്‍ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
കുടുംബനാഥന്റെ വേര്‍പാടോടെ നിരാലംബരാകുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ടെന്നുകാട്ടി കേന്ദ്രസര്‍ക്കാറിനും 28 സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എതിരെയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
Post Your Comments