തിരുവനന്തപുരം: കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറുകയാണെന്ന് അറിയിച്ച 3,500 കോടിരൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോയിരുന്നില്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി കിറ്റക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ്. പദ്ധതിക്കായി സ്ഥലമുള്‍പ്പെടെ വാങ്ങിയിട്ടെന്നാണ് സാബു ജേക്കബിന്റെ വിശദീകരണം. തനിക്ക് ഇന്നലെ കിട്ടിയ കുറ്റപത്രം ദേശാഭിമാനി ദിനപത്രത്തില്‍ കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ചിരുന്നുവെന്നും സാബു ജേക്കബ് ആരോപണമുന്നയിക്കുന്നുണ്ട്.
സിപിഐഎം പാര്‍ട്ടി ഓഫീസിലിരുന്ന് തയ്യാറാക്കുന്ന കുറ്റപത്രമാണ് വ്യവസായികളെ താറടിച്ച് കാണിക്കാനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായികള്‍ക്ക് വേണ്ടിയാണ് താന്‍ ശക്തമായി ശബ്ദം ഉയര്‍ത്തുന്നതെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. കെട്ടിടങ്ങളുടെ നിര്‍മാണത്തിനായുള്ള പ്ലാനുകളും യന്ത്രങ്ങള്‍ വാങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച രേഖകളും തന്റെ പക്കലുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ ആ സ്ഥലം എന്തു ചെയ്യും എന്ന് ചോദിക്കുന്നവരോട് അവിടെ മുഴുവന്‍ വാഴ നടും എന്ന മറുപടിയാണ് തനിക്കുള്ളതെന്നും സാബു തിരിച്ചടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു സാബുവിന്റെ പ്രതികരണം.
കിറ്റക്‌സ് ഗ്രൂപ്പിനൊപ്പം സര്‍ക്കാരുമായി 90000ലധികം കോടിരൂപയുടെ കരാറിലേര്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളും ചെയ്ത കാര്യങ്ങളൊക്കെ താനും ചെയ്തിട്ടുണ്ടെന്നാണ് കിറ്റക്‌സ് സാബു പറയുന്നത്. സര്‍ക്കാരുമായി ഏതെങ്കിലും ഒരു വ്യവസായി നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും ആ വ്യവസായിതന്നെ മുന്‍കൈയെടുത്ത് നടത്തണമെന്നതാണ് ഇവിടെ കാണുന്ന ഒരു രീതി. 3500 കോടിയുടെ പദ്ധതിയുടെ ആദ്യപടിയായ താല്‍പര്യപത്രം മാത്രമേ ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളൂ എന്നായിരുന്നു കിറ്റെക്‌സിനെതിരെ ഉയര്‍ന്നുവന്ന ആരോപണം.
ഇത് സര്‍ക്കാരിന്റെ വ്യവസായികളോടുള്ള സമീപനം തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് സാബു പറഞ്ഞു. വലിയ എന്തോ സംഭവം നടക്കുന്നു എന്ന പ്രതീതിയുണ്ടാക്കി ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസ്റ്റുകള്‍ നടത്തിയിട്ട് പിന്നീട് ആ പദ്ധതികളെക്കുറിച്ച് തിരിഞ്ഞുനോക്കാത്ത സമീപനമാണ് ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാവുന്നതെന്ന് സാബു ജേക്കബ് പരാതിപ്പെട്ടു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ എന്തിന് റിസ്‌ക് എടുക്കണമെന്നാണ് താന്‍ ആലോചിക്കുന്നതെന്നും സാബു കൂട്ടിച്ചേര്‍ത്തു.കരാറിലേര്‍പ്പെട്ടതിനുശേഷം ഒരു ഉദ്യോഗസ്ഥന്‍ പോലും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്‌സിനെ സമീപിച്ചിട്ടില്ല. കൃത്യമായ പദ്ധതിരേഖ തയ്യാറാണെന്നും ആരെങ്കിലും ആവശ്യപ്പെടുന്നപക്ഷം അത് വിശദീകരിക്കാനും തയ്യാറാണെന്ന് സാബു ഊന്നിപ്പറഞ്ഞു.
Post Your Comments