ന്യൂഡല്‍ഹി: സ്റ്റെര്‍ലിങ് ബയോടെക് കേസില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരുമകനടക്കമുള്ളവര്‍ക്കെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 16000 കോടി രൂപയുടെ ലോണ്‍ തട്ടിപ്പ് കേസില്‍ അഭിനേതാക്കളായ ദിനോ മോറിയ, സഞ്ജയ് ഖാന്‍, ഡി.ജെ അഘീല്‍ എന്നിവരുടെ എട്ട് കോടി രൂപയിലധികം മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ 14,513 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ എട്ട് കോടി രൂപയിലധികം ചേര്‍ത്തിരിക്കുന്നത്. ഇതോടെ ആകെ ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 14,521.80 കോടി ആയി. ബാങ്ക് ബാലന്‍സ്, മ്യൂച്ച്‌വല്‍ ഫണ്ട്, ഷെയര്‍, മൂന്ന് വാഹനങ്ങള്‍ എട്ട് കെട്ടിടങ്ങള്‍ അടക്കം 8.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
സഞ്ജയ് ഖാന്‍ (മൂന്ന് കോടി രൂപ), ഡിനോ മോറിയ (1.40 കോടി രൂപ), അഘീല്‍ അബ്ദുല്‍ ഖലീല്‍ ബചൂലി (1.98 കോടി രൂപ), ഇര്‍ഫാന്‍ അഹമ്മദ് സിദ്ദിഖി (2.41 കോടി രൂപ)എന്നിങ്ങനെയാണ് വിശദമായ കണക്ക്. പല പൊതുമേഖലാ ബാങ്കുകളെയും വഞ്ചിച്ച് മുങ്ങിയ സഹോദരന്മാരായ നിതിന്‍, ചേതന്‍ സന്ധേശര എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലിംഗ് ബയോടെക്കിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് ഇഡിയുടെ നടപടി.
ഇതുവരെ ഒരു പ്രോസിക്യൂഷന്‍ പരാതിയും നാല് അനുബന്ധ പരാതികളുമാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം നിതിന്‍ സന്ദേസര, ചേതന്‍ സന്ദേസര, ദീപ്തി ചേതന്‍ സന്ദേശര, ഹിതേഷ് പട്ടേല്‍ എന്നിവര്‍ രാജ്യം വിട്ടതായി പ്രത്യേക കോടതി പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇ.ഡി പട്ടേലിനെ ചോദ്യം ചെയ്തിരുന്നു.
Post Your Comments