ബാഴ്‌സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിൽ നിന്ന് പുറത്ത്. ബാഴ്‌സലോണയുമായി മെസ്സിക്കുള്ള കരാർ കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. ഇനി മുതൽ മെസ്സി ഫ്രീ ഏജന്റ് ആയിരിക്കും. ബാഴ്‌സയുമായി താരം കരാർ പുതുക്കില്ലെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാഴ്‌സ മാനേജ്‌മെന്റുമായി മെസ്സിക്ക് ചില പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ബാഴ്‌സ വിടാൻ താരം തീരുമാനിച്ചിരുന്നു.
മെസ്സിയ്ക്ക് ബാഴ്‌സയുമായി 20 വർഷം നീണ്ട ബന്ധമുണ്ട്. ബാഴ്‌സക്കായി 778 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസ്സി 672 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി 47 മത്സരങ്ങളിൽ 38 ഗോളും 12 അസിസ്റ്റും മെസ്സി നേടി. കഴിഞ്ഞ നാലു വർഷത്തേക്ക് 4,900 കോടി രൂപയുടെ കരാറിലാണ് ബാഴ്‌സലോണക്കായി മെസ്സി ഒപ്പിട്ടത്.
ബാഴ്‌സ വിടാനുള്ള താല്പര്യം മെസ്സി പരസ്യമാക്കിയതിന് പിന്നാലെ പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി ക്ലബുകളാണ് താരത്തിനായി മുമ്പിലുള്ളത്. പിഎസ്ജിയിൽ സൂപ്പർതാരം നെയ്മർക്കൊപ്പം മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുമെന്നും എന്നാൽ തന്റെ ഇഷ്ട പരിശീലകൻ ഗ്വാർഡിയോളയ്‌ക്കൊപ്പം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്നും ആരാധകർ വിലയിരുത്തുന്നുണ്ട്.
Read Also:- നിർത്താതെയുള്ള തുമ്മലിന് വീട്ടുവൈദ്യങ്ങൾ!!
എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അർജന്റീനിയൻ സഹതാരം സെർജിയോ അഗ്വേറോയെ ബാഴ്‌സയിൽ എത്തിച്ച് മെസ്സിയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ മാനേജ്മെന്റ് സജീവമാക്കിയിട്ടുണ്ട്. കൂടാതെ ലിയോൺ സൂപ്പർതാരം മെംഫിസ് ഡീപേയും സിറ്റി പ്രതിരോധ നിര താരം ഗാർസിയയും ബാഴ്‌സയിൽ എത്തിയിട്ടുണ്ട്. 2020-21 സീസണിൽ മോശം പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചത്. ലാ ലിഗയിൽ അത്ലാന്റിക്കോ മാഡ്രിഡ് കിരീടം നേടിയപ്പോൾ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ സീസൺ അവസാനിപ്പിച്ചത്.
Post Your Comments