ജംഷദ്‌പൂർ: ഓൺലൈൻ ക്‌ളാസിനായി സ്മാർട്ട്ഫോൺ വാങ്ങാൻ റോഡരികിൽ മാമ്പഴം വിറ്റ് 1.20 ലക്ഷം രൂപ നേടിയ 11 വയസ്സുകാരി പെൺകുട്ടിയുടെ വാർത്ത ശ്രദ്ധ നേടുകയാണ്.
ജംഷദ്‌പൂർ സ്വദേശിയായ തുളസി കുമാരി എന്ന പെൺകുട്ടിയാണ് വെറും 12 മാമ്പഴം വിറ്റ് 1,20,000 രൂപ നേടിയത്. മുംബൈ സ്വദേശിയായ അമേയ ഹെറ്റ് ആണ് ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നൽകി പെൺകുട്ടിയിൽ നിന്ന് മാമ്പഴം വാങ്ങിയത്. പെൺകുട്ടിയുടെ പിതാവ് ശ്രീമൽ കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഇദ്ദേഹം പണം അയക്കുകയായിരുന്നു.
നിർധനയായ തുളസി കുമാരി എന്ന പെൺകുട്ടി മാമ്പഴം വിറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ശ്രമിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട മുംബൈയിലെ വ്യവസായിയായ അമേയ ഹെറ്റ് ആണ് ഒരു ഡസൻ മാമ്പഴം 1.2 ലക്ഷം രൂപയ്ക്ക് പെൺകുട്ടിയിൽ നിന്ന് വാങ്ങിയത്. ഇതോടൊപ്പം 13,000 രൂപ വിലമതിക്കുന്ന ഒരു സ്മാർട്ട്ഫോണും, പഠനത്തിൽ തടസം നേരിടാതിരിക്കാൻ വർഷം മുഴുവൻ ഇന്റർനെറ്റ് റീചാർജും അമേയ ഹെറ്റ് തുളസി കുമാരിക്ക് നൽകി.
വളരെ മിടുക്കിയും കഠിനാധ്വാനിയുമായ തുളസി കുമാരിക്ക് തങ്ങളുടെ സഹായത്തോടെ വിദ്യാഭ്യാസം തുടരാനാകുന്നതിൽ സന്തോഷമുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം അവളെ സഹായിക്കുമെന്നും അമേയ ഹെറ്റ് വ്യക്തമാക്കി. മകളെക്കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നതായി കുമാരിയുടെ മാതാപിതാക്കൾ പറഞ്ഞു. തുളസി കുമാരി മാമ്പഴം വിൽക്കുന്നത്തിനോട് തുടക്കത്തിൽ മാതാപിതാക്കൾക്ക് അതൃപ്തിയായിരുന്നെങ്കിലും, ഇപ്പോൾ മകളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ല എന്നുള്ളതിൽ സന്തുഷ്ടരാണെന്നും അവർ അറിയിച്ചു.
നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ തുളസി കുമാരിക്കും അമേയ ഹെറ്റിനും അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. തുളസികുമാരിയുടെ ദൃഢനിശ്ചയത്തിനുള്ള പ്രതിഫലമാണ് ഇതെന്ന് ആളുകൾ പറയുന്നു. അമേയ ഹെറ്റിന്റെ സഹായമനസ്കതയെ പുകഴ്ത്തിയും ധാരാളം ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments