KeralaLatest NewsNewsIndia

നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ലെന്ന് പറയുമോ? നിങ്ങളാണ് എല്ലാം ചെയ്യിക്കുന്നത് എന്ന് കണ്ടു: റഹീമിനെതിരെ രാഹുൽ

കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണ കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎമ്മും ഡിവൈഎഫ്‌ഐയും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അർജുൻ ആയങ്കിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ. റഹീമിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. റഹീമിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ ഏഴ് ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നത്.

ഇത്രയും പാർട്ടിയിൽ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ലായെന്ന് പറയുമ്പോൾ, നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ലായെന്ന് അവർ തിരിച്ച് പറയുമോ എന്നാണു രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നത്. അഴീക്കോടൻ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദർശകനായി നേതാക്കന്മാരുടെ ആത്മമിത്രമായിട്ടും എങ്ങനെ അർജ്ജുൻ പാർട്ടിയുമായി ബന്ധമില്ലാത്തവനായെന്ന് ചോദിക്കുകയാണ് രാഹുൽ.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രിയ സഖാവ് റഹീം,
“പിറകിലുണ്ട് കത്തികൾ, ചുവരിനുണ്ട് കാതുകൾ കരുതി വേണം നീങ്ങുവാൻ സഹജരെ സഖാക്കളെ ” ഈ അടിക്കുറിപ്പോടുകൂടി റെഡ് വോളൻ്റിയർ പരേഡ് നയിക്കുന്ന സഖാവ് അർജുൻ ആയങ്കിക്കാണ് സംഘടനയുമായി ബന്ധമില്ലായെന്ന് റഹീമടക്കമുള്ള നേതാക്കൾ ആണയിടുന്നത്. ജോസഫൈൻ രാജി വെക്കണ്ട കാര്യമില്ലായെന്ന് പറഞ്ഞിട്ടും, അവർ രാജി വെച്ചതിനാൽ, റഹീമിൻ്റെ നിലപാടിനും വെള്ളത്തിലെ വരയ്ക്കുമൊക്കെ ഒരേ ഗൗരവം കൊടുത്താൽ മതി എന്ന് ചിലർ പറയുന്നുണ്ടെങ്കിലും, അദ്ദേഹം DYFI സെക്രട്ടറി തന്നെയാണ്.
ആ റഹീമിനോട് ചില ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്.
1) പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങൾ റെഡ് വോളൻ്റിയറാക്കുമോ?

2) വോളൻ്റിയർ പരേഡിനെ നയിക്കുന്നത് സാധാരണ ഗതിയിൽ പരിശീലനം നേടിയവരാണ്. അർജ്ജുൻ ആയങ്കി ഈ പരേഡിനെ നയിക്കുമ്പോൾ അയാൾക്ക് പരിശീലനം നേടിയിട്ടുണ്ടാകും. ആ വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ലെ?

3) സോഷ്യൽ മീഡിയയിൽ താങ്കളെക്കാൾ സജീവമായി ഇടതുപക്ഷത്തിനു വേണ്ടി ഇടപെടൽ നടത്തുകയും, താങ്കളെക്കാൾ സ്വീകാര്യത ലഭിക്കുകയും ചെയ്യുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ അണികൾക്ക് എന്തു കൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്കിയില്ല?

4) അഴീക്കോടൻ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദർശകനായി നേതാക്കന്മാരുടെ ആത്മമിത്രമായിട്ടും എങ്ങനെ അർജ്ജുൻ പാർട്ടിയുമായി ബന്ധമില്ലാത്തവനായി?

5) സ്വർണ്ണക്കടത്തുകാരെ പിന്തുണയ്ക്കുന്നതും വാഴ്ത്തുന്നതും ഇനിയെങ്കിലും നിർത്തണമെന്നും, സഖാക്കൾക്കിനിയും ബോധ്യമായില്ലായെന്നും നിങ്ങളുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ട് പറയണ്ടി വന്നു?

6) കൊടി സുനി മുതൽ കുഞ്ഞനന്ദൻ വരെയുള്ളവർക്ക് വർത്തമാന കാലത്തും, വാടിയ്ക്കൽ രാമകൃഷ്ണനെ കൊന്ന വ്യക്തിക്ക് ഇന്നലെകളിലും CPIM ൽ ലഭിച്ച സ്വീകാര്യതയല്ലേ ചെറുപ്പക്കാരെ ക്രിമിനലിസത്തിലേക്ക് ആകർഷിക്കുന്നത്?

7) പാർട്ടിയുമായി ബന്ധമില്ലാഞ്ഞിട്ടാണോ ഈ ക്രിമിനലുകൾ അഴീക്കോട് സുമേഷിനു വേണ്ടിയൊക്കെ പ്രചാരണത്തിൽ സജീവമായി നിന്നത്?

? ഇത്രയും പാർട്ടിയിൽ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ലായെന്ന് പറയുമ്പോൾ, നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ലായെന്ന് അവർ തിരിച്ച് പറയുമോ? “നിങ്ങളാണ് ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ” എന്ന ഒരു പോസിറ്റീവ് പ്രചരണം കണ്ടിരുന്നു. “ചിലതൊക്കെ ചെയ്യരുത്” എന്നു കൂടി ആർജ്ജവത്തോടെ അവരോട് പറയണം സഖാവെ, എങ്കിലെ നല്ല നേതാവാകു.

shortlink

Related Articles

Post Your Comments

Related Articles


Back to top button