തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരാൻ വെറും എട്ട് മാസം മാത്രം നിലനിൽക്കെയാണ് എം സി ജോസഫൈന് തിരിച്ചടി നേരിടേണ്ടി വന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ പരാതി പറയാനെത്തിയ യുവതിയോട് വളരെ മോശമായി ‘എന്നാൽ അനുഭവിച്ചോളൂ’ എന്ന് പറഞ്ഞ ജോസഫൈന് നേരെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധമാണ് ഉയർന്നത്. രണ്ടാം വരവിൽ പിണറായി സർക്കാരിന് മേൽ പതിച്ച കരിനിഴലായി വരെ ജോസഫൈന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയതോടെയാണ് സി.പി.എം വിഷയത്തിൽ ഇടപെട്ടത്.
വിവാദ പരാമർശത്തിൽ ജോസഫൈൻ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും വിടാൻ പാർട്ടിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതോടെ പാർട്ടി ജോസ്ഫിനോട് രാജി ചോദിച്ചു വാങ്ങി. ഒടുവിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു പിന്നാലെ എം സി ജോസഫൈൻ വനിതാ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചു.
എന്നാൽ, ഇതാദ്യമായല്ല ജോസഫൈൻ വിവാദങ്ങളിൽപെടുന്നത്. മുൻപ് പലതവണ പരാതി പറയാനെത്തിയവരെ യാതൊരു മനുഷ്യത്വവുമില്ലാതെ ജോസഫൈൻ അധിക്ഷേപിച്ചിട്ടുണ്ട്. പ്രായഭേദമന്യേയുള്ള ആളുകൾ ഈ ലിസ്റ്റിൽ പെടും. സിപിഎം എന്ന പാർട്ടിക്ക് വേണ്ടി പാർട്ടി നിയമിച്ച വെറും പാർട്ടിക്കാരി എന്ന നിലയിൽത്തന്നെയായിരുന്നു കഴിഞ്ഞ നാലര വർഷത്തോളമായി ജോസഫൈന്റെ പ്രവർത്തനമെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. പുറകോട്ട് തിരിഞ്ഞ് നോക്കിയാൽ അത് ശരിവെയ്ക്കേണ്ടതായി വരുന്നു.
വിവാദമായ ഹാദിയ കേസിലും നിർബന്ധിത മതപരിവർത്തനത്തിലും ജോസഫൈൻ ഇടപെട്ടിരുന്നു. കേരളത്തിൽ നിർബന്ധിത മത പരിവർത്തനം ഉണ്ടെന്ന ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രസ്താവന തള്ളിക്കൊണ്ടായിരുന്നു അന്ന് ജോസഫൈൻ രംഗപ്രവേശനം ചെയ്തത്. കേരളത്തിൽ നിർബന്ധിത മതപരിവർത്തനമില്ലെന്നായിരുന്നു ജോസഫൈൻ പ്രതികരിച്ചത്. കൂടാതെ, ശബരിമല കേസിലും ജോസഫൈന്റെ പ്രസ്താവന വൈറലായിരുന്നു.
Also Read:ഐഫോൺ 13 മോഡലുകൾ സെപ്തംബർ 14ന് വിപണിയിലെത്തും
ശബരിമല സന്ദർശനത്തിനായി എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ കൊച്ചി കമ്മീഷണർ ഓഫീസിനു മുന്നിൽവച്ചുണ്ടായ മുളക് സ്പ്രേ ആക്രമണത്തിൽ ബിന്ദു അമ്മിണിക്ക് പിന്തുണ പ്രഖ്യാപിച്ച് കമ്മീഷൻ രംഗത്തെത്തി. ഒരു സ്ത്രീയായ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്നും ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു ജോസഫൈൻ പറഞ്ഞത്.
കണ്ണും കാതും തുറന്ന് വിമർശിക്കാനും തുറന്നുപറയാനും സ്ത്രീകൾക്ക് സാധിക്കണമെന്നും അത്തരമൊരു സാഹചര്യം നിലവിൽ വന്നാൽ മാത്രമേ ഇരകൾക്ക് നീതി കിട്ടുകയും ഇരകൾ ആകാതിരിക്കുകയും ഇരകൾ ഉണ്ടാകാതിരിക്കുകയും ചെയ്യുകയുള്ളൂവെന്നും ജോസഫൈൻ പലതവണ മാധ്യമങ്ങളോട് ഘോരം പ്രസംഗിച്ചിരുന്നു. എന്നാൽ, അതേനിലപാട് പ്രവർത്തിയിൽ ഇല്ലാത്തതെന്തെന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങളുയർന്ന ഘട്ടങ്ങളിലൊക്കെ ജോസഫൈൻ സ്വീകരിച്ച ഇരട്ടത്താപ്പുകൾ കേരളം കണ്ടതാണ്.
Also Read:പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസ്: കാണാതായ യുവതികളിൽ ഒരാൾ മരിച്ച നിലയിൽ
പീഡനത്തിനിരയാകുന്ന വനിത സഖാക്കളെ നിശ്ശബ്ദരാക്കാൻ ഒരു സംവിധാനമൊരുക്കിയ സി പി എമ്മിനെ കൈയ്യടിച്ചായിരുന്നു ജോസഫൈൻ പ്രോത്സാഹിപ്പിച്ചിരുന്നത്. “ഞങ്ങളുടെ പാർട്ടി ഒരു കോടതിയാണ്, പോലീസാണ്” എന്ന് പറഞ്ഞ് പാർട്ടിയെ മഹത്വവൽക്കരിക്കാനാണ് ജോസഫൈൻ ശ്രമിച്ചത്. അന്നൊന്നും ഉയരാതിരുന്ന ശബ്ദമാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഇടതുപക്ഷ അനുഭാവികളും, സഹയാത്രികരും ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നതോടെ ജോസഫൈനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാനേ പാർട്ടിക്ക് കഴിയുകയുള്ളു എന്നതാണ് സത്യം. സ്ഥാനത്തിന്റെ പ്രാധാന്യത്തെ ജോസഫൈന്‍ ഉള്‍ക്കൊണ്ടില്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. ഇ പി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ജോസഫൈനെ തള്ളിപ്പറഞ്ഞു. ഇതോടെ, ജോസഫൈൻ പാർട്ടിയും കൈവിട്ടെന്ന് സാരം.
ജോസഫൈന്റെ പരാമര്‍ശം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ രീതിയില്‍ അവമതിപ്പും നാണക്കേടുമുണ്ടാക്കിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സി.പി.എം വരെ ജോസഫൈനെ തള്ളിപ്പറഞ്ഞപ്പോൾ എക്കാലവും സ്ത്രീകൾക്കൊപ്പമെന്നും ഇരകൾക്കൊപ്പമെന്നും ഘോരം പ്രസംഗിക്കുന്ന ഡി.വൈ.എഫ്.ഐ മാത്രം ഇക്കാര്യത്തിൽ വിപരീതമായ നിലപാട് ആയിരുന്നു എടുത്തത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്തു നിന്ന് മാാറേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.
അതേസമയം, വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകളെന്ന വിവരാവകാശ രേഖ മാർച്ച് മാസം പുറത്തുവന്നിരുന്നു. വനിതാ കമ്മീഷനിൽ 2017 മെയ് 22 മുതൽ 2021 ഫെബ്രുവരി 12 വരെ 22,150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 10,263 കേസുകൾ മാത്രമെ തീർപ്പാക്കിയിട്ടുള്ളുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു.
Post Your Comments