News

‘സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല, ഇനി ഒരാൾ കൂടെ പീഡിപ്പിക്കപ്പെടില്ല’: ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല എന്ന സംസ്ഥാനതല ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുതെന്നും ഒരാള്‍ കൂടി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടില്ലെന്ന് നമുക്ക് തീരുമാനിക്കാമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ഡിവൈഎഫ്‌ഐ കേരളയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഡിവൈഎഫ്‌ഐ പറയുന്നു: സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്. നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെണ്‍കുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുത്. പെണ്‍കുട്ടികള്‍ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

Also Read:‘നമുക്ക് നല്ല രീതിയിലുള്ള ഒരു സെക്ഷ്വല്‍ എജുക്കേഷനില്ല, മാറ്റം വരണം’: ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ സംവിധായകൻ

നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്. ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതില്‍ അളന്നുതൂക്കിയ പണത്തിനോ ആര്‍ഭാടത്തിനോ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാനവുമില്ല. സോഷ്യല്‍ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആര്‍ഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര ജീവനാണ് അവസാനിപ്പിച്ചത്.

സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാല്‍ എരിഞ്ഞുജീവിക്കുന്ന പെണ്‍ജീവിതങ്ങള്‍, ഉരുകുന്ന രക്ഷകര്‍ത്താക്കള്‍ ഒട്ടേറെയാണ്. നമുക്കരികില്‍, നമ്മില്‍ പലരുടെയും വീട്ടില്‍ ഇതുപോലെ എത്രയോപേര്‍….ഇനി ഒരാള്‍ കൂടി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടില്ല എന്ന് നമുക്ക് തീരുമാനിക്കണം. രാഷ്ടീയ ഭേദമന്യേ മുഴുവന്‍ പേരോടും ഈ കാംപയിനില്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു‘, ഡിവൈഎഫ്‌ഐ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button