ന്യൂഡല്‍ഹി: വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റിന് അഭിനന്ദനപ്രവാഹം. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 9,371 കോടി രൂപയുടെ ആസ്തി കേന്ദ്രസര്‍ക്കാരിനും പൊതു മേഖലാ ബാങ്കുകളിലേക്കും കൈമാറുകയും ചെയ്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഒരു ഇന്ത്യന്‍ ഏജന്‍സി തിരിച്ചുപിടിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം മല്യയും നീരവ് മോദിയും ചോക്‌സിയും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്. നിലവില്‍ കണ്ടുകെട്ടിയ തുക ഇതിന്റെ 80.45 ശതമാനത്തോളം വരുമെന്നതാണ് ബാങ്കുകള്‍ക്ക് ആശ്വാസമാകുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന് കീഴില്‍ അവിനാശ് ഭോസ്ലെയുടെയും കുടുംബത്തിന്റെയും 40.34 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ജൂണ്‍ 16ന് 500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കര്‍നല നഗരി സഹകാരി ബാങ്ക് ചെയര്‍മാന്‍ വിവേകാനന്ദ് ശങ്കര്‍ പാട്ടീലിനെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments