ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപോറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ലഷ്‌കറെ കമാന്‍ഡര്‍മാരില്‍ ഒരാള്‍ പാകിസ്ഥാനി. അസ്രാര്‍ എന്നറിയപ്പെടുന്ന അബ്‌ദുള്ളയാണ് ഇത്. ഒരു രാത്രി നീണ്ടുനിന്ന ദൗത്യത്തിലൂടെയാണ് സേന മൂവരെയും വകവരുത്തിയത്.
അസ്രാറിനൊപ്പം മുദാസിര്‍ പണ്ഡിറ്റ്, ഖുര്‍ഷിദ് മിര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരര്‍. ഇവര്‍ രണ്ടുപേരും സോപോര്‍ നിവാസികളാണ്.
അടുത്തിടെ ജമ്മു കശ്‌മീരില്‍ കൗണ്‍സിലര്‍മാരെയും സര്‍പഞ്ചുമാരെയും മറ്റ് ഏതാനും നിഷ്‌കളങ്കരെയും വകവരുത്തിയതില്‍ ഇവര്‍ക്കു പങ്കുണ്ട്. രഹസ്യസന്ദേശത്തെത്തുടര്‍ന്ന് പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഇവര്‍ തങ്ങിയ വീട് വളഞ്ഞാണ് ദൗത്യസംഘം മിന്നലാക്രമണം നടത്തിയത്. മുദാസിര്‍ പണ്ഡിറ്റിനെതിരേ 18 കേസുകള്‍ നിലവിലുണ്ടെന്ന് ജമ്മു കശ്‌മീര്‍ ഡി.ജി.പി. അറിയിച്ചു.
പാക് സ്വദേശി അസ്രാറുമായുള്ള മുദാസിറിന്റെ ബന്ധം തുടങ്ങിയിട്ടു നാളുകളായി. ഖുര്‍ഷീദ് മിറിനെതിരേ ആറ് കേസുകള്‍ നിലവിലുണ്ടെന്നും ഡി.ജി.പി. അറിയിച്ചു. ഈ മാസം 12-ന് സോപോറില്‍ പോലീസിനു നേരേ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ സൈന്യവും പോലീസും സി.ആര്‍.പി.എഫും മേഖലയില്‍ സംയുക്‌തദൗത്യം ആരംഭിച്ചിരുന്നു.
അതിനിടെ ഷോപിയാനില്‍ ഭീകരരെന്നു സംശയിക്കുന്നവര്‍ സി.ആര്‍.പി.എഫ്. സംഘത്തിനു നേരേ വെടിയുതിര്‍ത്തു. ഇന്നലെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണു പ്രാഥമികവിവരം.
Post Your Comments