റിയാദ്: ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ‘യോഗ’ യുടെ പഠനവും പരിശീലന’വുമായി സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സൗദിയുമായുണ്ടാക്കിയ ഈ ധാരണയാണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം എന്നും ഇത്തരത്തിലൊരു ചുവടുവെപ്പ് ഗൾഫ് മേഖലയിൽ തന്നെ ആദ്യമായാണെന്നും റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും സൗദി കായിക മന്ത്രാലയത്തിലെ ലീഡേഴ്സ് ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലാണ് ധാരാണാപത്രം ഒപ്പുവെച്ചത്. യോഗയെ ഭാരതീയ തനിമയോടെ അവതരിപ്പിക്കുന്നതിനും രാജ്യത്താകെ യോഗ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും.
ഇതോടെ, യോഗയുടെ മേഖലയിൽ ഗവേഷണം, പഠനം, പരിശീലനം എന്നിവക്കുള്ള സൗകര്യമൊരുക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായി. അന്താരാഷ്ട്ര യോഗ ദിനമായ തിങ്കളാഴ്ചയാണ് റിയാദിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഒപ്പിട്ട് ധാരണാപത്രം കൈമാറിയത്.
Post Your Comments