കൊല്ലം: ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേൽ സ്വദേശിനി വിസ്മയക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ കൊടും ക്രൂരമായ പീഡനം. നൂറ് പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം രൂപ വിലവരുന്ന ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ കാറ് ഭർത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്. കാറിന്റെ പേരിൽ നിരന്തരം കിരൺ, വിസ്മയയെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു.
‘കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യം. അത് മകള് എന്നോട് പറഞ്ഞു. എന്നാൽ സി.സിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും ഞാൻ വ്യക്തമാക്കി. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി. സി.സി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസ് പരാതി നൽകി. ആ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു’, വിസ്മയയുടെ പിതാവ് വെളിപ്പെടുത്തുന്നു.
‘പോലീസിനെ മർദിച്ച ശേഷം പരിശോധനയിൽ കിരൺ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സി.ഐ പറഞ്ഞത് അനുസരിച്ച് എഴുതി ഒപ്പിട്ട് നൽകിയ ശേഷമാണ് അവനെ വിട്ടയച്ചത്. അതിന് ശേഷം കുറച്ച് ദിവസം മകൾ സ്വന്തം വീട്ടിലായിരുന്നു. എന്നാൽ പരീക്ഷാ സമയമായതോടെ കിരൺ വന്ന് മകളെ തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതായിരുന്നുവെന്നും’ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.
Post Your Comments