
കൊച്ചി: കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരണിനു നേരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമാണുയരുന്നത്. ഇരുപത്തിനാലുകാരിയ വിസ്മയ ബന്ധുവിന് അയച്ച വാട്ട്സ്‌ആപ്പ് ചാറ്റിൽ ഇതുസംബന്ധിച്ച വ്യക്തമായ സൂചനയുണ്ട്. ഇക്കാലത്തും നിലനില്‍ക്കുന്ന സ്ത്രീധന സമ്ബ്രാദായത്തിനെതിരെ, ഇനിയെങ്കിലും അതില്‍നിന്നു മോചനം നേടണമെന്ന് ഡോ. ഷിംന അസീസ് പറയുന്നു. ഷിംന അസീസ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ:
Also Read:7 വയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് തല്ലിക്കൊന്നു: കാരണം കേട്ട് പോലീസ് ഞെട്ടി
എനിക്ക് മനസ്സിലാകാത്തത് ഇതൊന്നുമല്ല- ഇന്ന്, ഈ കാലത്തും നിലനിൽക്കുന്ന ”പെൺകുട്ടിയെ പറഞ്ഞയക്കുന്നതല്ലേ, വെറും കൈയോടെ എങ്ങനെ” എന്ന് പറഞ്ഞ് വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട് കാശ് കൊടുത്ത് തല്ല് കൊള്ളാൻ പറഞ്ഞയക്കുന്ന, എന്ത് സംഭവിച്ചാലും “അവന്റെ കാൽച്ചോട്ടിൽ ആണ് മോളേ സ്വർഗം, ക്ഷമിക്കണം, സഹിക്കണം” എന്ന് ‘ആശ്വസിപ്പിക്കുന്ന’, മകൾ വീട്ടിലേക്ക് തിരിച്ച് പോന്നാൽ ‘നാണക്കേട്’ വിചാരിക്കുന്ന, തലക്ക് മുകളിൽ വട്ടംചുറ്റുന്ന ദുരിതം സഹിക്കുന്നത് നിർത്തി ഇറങ്ങിപ്പോരാൻ ഭയന്ന് സർവ്വംസഹയായി പെൺകുട്ടികൾ നില കൊള്ളുന്ന, സ്വന്തംകാലിൽ നിൽക്കാനുള്ള വിദ്യാഭ്യാസവും തന്റേടവും ലോകപരിചയവും എത്തുന്നതിന് മുൻപ് ഒരു കപ്പ് ചായ കൊടുത്ത സൗഹൃദം മാത്രം മകൾക്കുള്ള ഒരപരിചിതന്റെ കൂടെ മിക്കപ്പോഴും പറഞ്ഞയക്കുന്ന വ്യവസ്‌ഥയെയാണ്, വ്യവസ്‌ഥിതിയെയാണ്. എത്ര പെൺമക്കളെ ബലി കൊടുത്താലാണ് പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച് ദൂരെക്കളഞ്ഞ് ജീവിക്കാൻ തീരുമാനിച്ച് കാൽചുവടുകളിൽ നിന്ന് ഇറങ്ങിപ്പോരാൻ മാത്രം പക്വത നമ്മുടെ പെണ്ണുങ്ങൾക്കുണ്ടാകുക.
എന്തിനാണീ സഹനമെല്ലാം?? “ഞാൻ ജീവിക്കും, നീ പോടാ പുല്ലേ” എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ് ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു പെണ്ണിനെയെങ്കിലും ഇത് വായിക്കുന്ന ഓരോരുത്തർക്കുമറിയില്ലേ? ഇറങ്ങിപ്പോന്നൂടെ? ജീവിച്ചൂടെ? എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്? ഓരോ നിമിഷവും മരിച്ച് ജീവിക്കുന്നത്? ആ പെൺകുട്ടിക്ക് ആത്മശാന്തി നേരുന്നു. ഒപ്പം, ഇന്നും ജീവനോടെയിരിക്കേണ്ടിയിരുന്ന ഒരുവളെയോർത്ത്, അല്ല ഒരുപാട് സ്‌ത്രീകളെയോർത്ത് നെഞ്ച് പിടയുകയും ചെയ്യുന്നു. വല്ലാതെ വേദനിക്കുന്നുണ്ട്.
Post Your Comments