ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിലെ തമ്മിലടി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അമരീന്ദറിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
തമ്മിലടി മുറുകിയ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ അമരീന്ദര്‍ സിംഗ് വീണ്ടും ഡല്‍ഹിയിലെത്തി. ഉപജാപക വൃന്ദമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് അമരീന്ദര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഇതിന് പുറമെ, അടുത്തിടെ നടത്തിയ രണ്ട് നിയമനങ്ങളും അമരീന്ദറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. രണ്ട് എംഎല്‍എമാരുടെ മക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ എടുത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പഞ്ചാബ് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സിദ്ദുവിന് സുപ്രധാനമായ സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവെച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പഞ്ചാബിലെ തര്‍ക്കം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്.
Post Your Comments