സോള്‍ : ഉത്തര കൊറിയ കടുത്ത പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കിം ഇക്കാര്യം തുറന്നു സമ്മതിച്ചത്. ജനങ്ങളുടെ ഭക്ഷ്യസാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കിം യോഗത്തെ അറിയിച്ചു.
കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചതാണ് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണം. ഇതേത്തുടർന്ന് രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കിം പറയുന്നു.
സാധാരണ വാർത്തകൾ പോലും അടിച്ചമർത്തപ്പെടുന്ന രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തിൽ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് തുറന്നുസമ്മതിച്ച് രംഗത്തെത്തിയത് ഉ.കൊറിയ ഭീതികരമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്നതിന്റെ സൂചനയാണ്.കോവിഡിനെ തടയാനായി അതിർത്തികൾ അടച്ചതോടെ ചൈനയിൽനിന്നുള്ള ചരക്കുകളുടെ വരവും നിലച്ചിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങൾ, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെയാണ് ഉ.കൊറിയ പ്രധാനമായി ആശ്രയിക്കുന്നത്. ഇതിനുപുറമെ അന്താരാഷ്ട്രതലത്തിൽനിന്നുള്ള വിവിധ ഉപരോധങ്ങളും രാജ്യത്തിന് ഇരുട്ടടിയായിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഭക്ഷ്യവില കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു. ഒരു കി.ഗ്രാം നേന്ത്രപ്പഴത്തിന് 45 ഡോളർ(ഏകദേശം 3,340 രൂപ) ആണ് നിലവിലെ വില.
Post Your Comments