തിരുവനന്തപുരം : പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ കണ്ണടച്ച് വിശ്വസിച്ചവരും തന്നോടൊപ്പം തലേദിവസം വരെ നിന്നവരും ഒരു സുപ്രഭാതത്തില്‍ തന്നെ തള്ളിപറഞ്ഞത് വിശ്വസിക്കാനായില്ലെന്നും ചെന്നിത്തല പറഞ്ഞു. മാതൃഭൂമിയോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
‘പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിക്കുമ്പോള്‍ ഏതൊരാള്‍ക്കും സ്വന്തം അഭിപ്രായം പറയാം. എന്നാല്‍ എന്നോടൊപ്പമാണെന്ന് തലേന്ന് രാത്രി വരെ പറഞ്ഞ എം.എല്‍.എമാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറഞ്ഞു. അതെന്നെ ഞെട്ടിച്ചു, ഞാന്‍ കൈപിടിച്ച് നടത്തിയവർ മുതൽ കണ്ണടച്ച് വിശ്വസിച്ചവർ വരെ അക്കൂട്ടത്തിലുണ്ട്. ഒരു സുപ്രഭാതത്തില്‍ അവരെന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല’- ചെന്നിത്തല പറഞ്ഞു. എന്നോടൊപ്പമാണെന്ന് വിശ്വസിക്കുകയും ഹൈക്കമാന്റിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസ വഞ്ചനയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Also : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരു സന്തോഷ വാർത്തയുമായി കുവൈത്ത് എയർവേസ്
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ആത്മാര്‍ത്ഥമായി പിന്തുണയുണ്ടാവുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുകയെന്ന് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്‍ സ്ഥാനമേറ്റ ചടങ്ങില്‍ വെച്ചും രമേശ് ചെന്നിത്തല പരസ്യമായി വിഷയത്തില്‍ തന്റെ അതൃപ്തി അറിയിച്ചിരുന്നു. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരെല്ലാം നമ്മളോടൊപ്പം ഉണ്ടാവില്ലെന്നും ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments