തിരുവനന്തപുരം: മൂട്ടിൽ മരംമുറി കേസിൽ മൗനം പാലിച്ച് പിണറായി സർക്കാർ. പട്ടയഭൂമിയിലെ മരംമുറി ഉത്തരവിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.യുടെ പ്രാഥമിക വിലയിരുത്തൽ. മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ, മന്ത്രി കെ. രാജൻ എന്നിവരുമായടക്കം കാനം രാജേന്ദ്രൻ ചർച്ച നടത്തിയതിനു ശേഷമാണ് ഈ വിലയിരുത്തൽ.
എന്നാൽ ഉത്തരവ് സദുദ്ദേശത്തോട് കൂടി മാത്രമാണ് റവന്യൂവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. അത് വ്യാഖ്യാനിച്ച് നടപ്പാക്കിയതിലാണ് വീഴ്ചയുണ്ടായിട്ടുള്ളത്. വിവാദങ്ങളും വാർത്തകളും ഉണ്ടാകുന്നതിന് മുമ്പുതന്നെ, വീഴ്ച കണ്ടെത്തി തടയാനായെന്നുമാണ് പാർട്ടി വിലയിരുത്തിയത്. അതേസമയം, അന്വേഷണത്തിൽ നിജസ്ഥിതി ബോധ്യപ്പെട്ടതിനുശേഷം പരസ്യപ്രതികരണം മതിയെന്നതാണ് സി.പി.ഐ.യുടെ തീരുമാനം. റവന്യൂ-വനം വകുപ്പിലെ എല്ലാകാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന് സി.പി.ഐ. നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വകുപ്പു കൈകാര്യം ചെയ്തിരുന്നവർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പാർട്ടിതല പരിശോധനയുണ്ടാകൂ.
Read Also: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങി: കേരളത്തീരത്തും ശക്തമായ ജാഗ്രത തുടരുന്നു
ജുഡീഷ്യൽ അന്വേഷണത്തിന് കാലതാമസമുണ്ടാകുകയും നടപടി വൈകുകയും ചെയ്യും. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണ് ജനങ്ങളിൽ സർക്കാരിനും മുന്നണിക്കുമുള്ള വിശ്യാസ്യത കൂട്ടുന്നതിനും വിവാദങ്ങൾ കെട്ടടങ്ങുന്നതിനും നല്ലതെന്നാണ് വിലയിരുത്തിയത്. അതുകൊണ്ടാണ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കാളിയാക്കി പോലീസ് അന്വേഷണം എന്ന തീരുമാനമെടുത്തത്. കഴിഞ്ഞ സർക്കാരിൽ വനം-റവന്യൂ വകുപ്പുകൾ സി.പി.ഐ. ആണ് കൈകാര്യംചെയ്തത്. വിവാദമുണ്ടായതിന് പിന്നാലെ സി.പി.എം.-സി.പി.ഐ. നേതാക്കൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. കാര്യക്ഷമമായ അന്വേഷണവും നടപടിയും സ്വീകരിക്കുകയെന്ന ധാരണയുമുണ്ടാക്കി. ആരോപണം കടുപ്പിച്ച് പ്രതിപക്ഷവും ബി.ജെ.പി.യും രംഗത്തിറങ്ങുന്നതിനാൽ അന്വേഷണവും ചർച്ച ചെയ്തിരുന്നു.
Post Your Comments