ഇടുക്കി: മരംകൊള്ള കേസിൽ നിർണായക കണ്ടെത്തലുകൾ. പട്ടയഭൂമിയിലെ മരംമുറി ഉത്തരവിന്റെ മറവിൽ വനംവകുപ്പിന്റെ പരിധിയിൽ വരുന്ന മരങ്ങൾ ഉൾപ്പെടെ വ്യാപകമായി മുറിച്ചതായി റിപ്പോർട്ടുകൾ. ഇടുക്കിയിൽ വനം വിജിലൻസിന്റെ പരിശോധനയിൽ ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തി. തൃശ്ശൂരിൽ വനഭൂമിയിൽനിന്ന് അഞ്ഞൂറോളം മരം മുറിച്ചെന്ന വിവരത്തിൽ അന്വേഷണം തുടങ്ങി. അതിനിടെ ഉപ്പുതറയിൽ ഏലമലക്കാട്ടിൽ (കാർഡമം ഹിൽ റിസർവ്) നിന്ന് മുറിച്ചുകടത്തിയ 10 ലോഡ് തടി വെള്ളിലാങ്കണ്ടത്തുനിന്നു വനംവകുപ്പ് പിടികൂടി.
ആൾത്താമസമില്ലാത്ത വീടിനു സമീപമാണ് തടി സൂക്ഷിച്ചിരുന്നത്. മുതിർന്ന സി.പി.ഐ. നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ. ശശിയാണ് തടി എത്തിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏലം സ്റ്റോറിലേക്കുള്ള വിറകാണെന്നും വാങ്ങിയതിന് വില ചീട്ടുണ്ടന്നും ശശി പറഞ്ഞു. ഉപ്പുതുറ കാഞ്ചിയാർ സെക്‌ഷൻ ഫോറസ്റ്റർ കെ.ജെ. ദീപക്കിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. എന്നാൽ, ഒരു അനുമതിയും നൽകിയിട്ടില്ലെന്നും കുറ്റകരമാണെന്നും വനം വകുപ്പ് പറയുന്നു. തടി സർക്കാർ ഏറ്റെടുത്തു.
Post Your Comments