KeralaLatest NewsNews

കോവിഡ് മൂന്നാം തരംഗം നേരിടാൻ ആക്ഷൻ പ്ലാൻ: പ്രതിദിന വാക്‌സിനേഷൻ ഉയർത്താനും തീരുമാനം

ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം സുഗമമായി നടത്തണം

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ ആക്ഷൻ പ്ലാൻ ആവിഷ്‌ക്കരിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ. രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലബീവി, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

Read Also: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാൻ ശ്രമിക്കണമെന്ന് വീണാ ജോർജ് യോഗത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഇതിനായി ഉറപ്പുവരുത്താനാണ് തീരുമാനം. പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്‌സിൻ ലഭ്യമാക്കേണ്ടതാണെന്നും അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വർധിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

രജിസ്‌ട്രേഷൻ ചെയ്യാൻ അറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കുന്നതാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം സുഗമമായി നടത്തണം. സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക്ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവിൽ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളിൽ 47 ശതമാനത്തിൽ മാത്രമാണ് രോഗികളുള്ളത്.

പക്ഷെ മൂന്നാം തരംഗം മുന്നിൽ കണ്ട് സർക്കാർ സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കുന്നതാണ്. ഓക്‌സിജൻ കിടക്കകൾ, ഐ.സി.യു., വെന്റിലേറ്റർ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്. ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രതിദിന ഉത്പാദനം 60 മെട്രിക് ടൺ ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്‌സിജൻ പ്ലാന്റുകൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതാണ്. മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധനാ സാമഗ്രികൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നേരത്തെ തന്നെ സംഭരിക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി.

Read Also: ‘ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോയെന്ന് പരിശോധിക്കണം’: പ്രതിപക്ഷനേതാവ്

മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സർജ് പ്ലാൻ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. മെഡിക്കൽ കോളേജുകൾ, മറ്റ് സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ പീഡിയാട്രിക് സൗകര്യങ്ങൾ ഉയർത്തി വരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.

ഐ.സി.യു. ജീവനക്കാർക്ക് ഇടയ്ക്കിടയ്ക്ക് വിദഗ്ധ പരിശീലനം നൽകേണ്ടതാണ്. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ ഇൻഫെക്ഷൻ കൺട്രോൾ പരിശീലനവും നൽകണം. കുടുംബത്തിലെ ഒരംഗത്തിൽ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാൽ തന്നെ കുടുംബാംഗങ്ങൾ വളരെയേറെ ശ്രദ്ധിക്കണം. വീട്ടിൽ സൗകര്യമില്ലാത്തവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റുന്നതാണ്. മരണം കൂടുന്നതിനാൽ പ്രായമായവർ, ഗുരുതര രോഗമുള്ളവർ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളിൽ കോവിഡ് പോസിറ്റീവായാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: വീണ്ടും നിർബന്ധിത മതപരിവർത്തനം : ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button