ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദഗ്ധരുടെ യോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ നൽകി. കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയ പ്രദേശങ്ങളിലാണ് കൂടുതൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഇളവുകൾ നൽകിയ 27 ജില്ലകളിൽ സ്കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായും, വ്യവസായ സ്ഥാപനങ്ങൾക്ക് 33 ശതമാനം ജീവനക്കാരുമായും തുറന്ന് പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ജൂൺ 14 മുതലാണ് ലോക്ക്ഡൗൺ ഇളവുകൾ ബാധകമാകുക. മദ്യശാലകൾ രാവിലെ 10 മണി മുതൽ 5 മണി വരെ തുറന്ന് പ്രവർത്തിക്കാം. രാവിലെ 6 മണി മുതൽ വൈകിട്ട് 5 വരെ ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് 50 ശതമാനം ഉപയോക്താക്കളുമായി പ്രവർത്തിക്കാം. അതേസമയം, കോവിഡ് വ്യാപനം കുറയാത്ത കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ, നാഗപ്പട്ടണം, മൈലാട്തുറൈ എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ ഉണ്ടാകില്ല.
Post Your Comments