ഗുവാഹട്ടി: അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ബംഗ്ലാദേശില്‍ നിന്നും വ്യാജ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ഗുവാഹട്ടി ഫ്രോണ്ടിയര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടികൂടിയത്.
ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേയ്ക്കും തിരിച്ചും വ്യാജ നോട്ടുകള്‍ കടത്താന്‍ ശ്രമം നടക്കുന്നതായി ബിഎസ്എഫിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി രണ്ടംഗ സംഘം പിടിയിലായത്. ഹുസൈന്‍ അലി, മൊസ്‌ലെം അലി എന്നിവരാണ് വ്യാജ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ചത്.
ഇന്ത്യയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 2 ലക്ഷം രൂപയാണ് പിടികൂടിയത്. 500 രൂപയുടെ 400 നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിടിയിലായവരെ ഗുവാഹട്ടി പോലീസിന് കൈമാറി. രാജ്യാന്തര കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. വ്യാജ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Post Your Comments