കല്പറ്റ: റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ള. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും മുറിച്ചു കടത്തിയത്. പട്ടയഭൂമിയിലെ റിസർവ് ചെയ്‌ത മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24-ന് റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മൂന്നു മാസത്തിനുശേഷം പിൻവലിച്ചെങ്കിലും അപ്പോഴേക്കും നൂറുകോടിയിലേറെ രൂപയുടെ മരങ്ങളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ നിഗമനം.
വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് വ്യാപകമായി മരം മുറിച്ചത്. വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചുകടത്താൻ ശ്രമിച്ച 15 കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടി മാത്രമാണ് ഇതിൽ പിടിച്ചെടുത്തത്. ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് വലിയ തോതിൽ മരം മുറിച്ചുകടത്തിയതെങ്കിലും ഇവിടങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. 101 മരങ്ങളാണ് വയനാട്ടിൽ നിന്നു മുറിച്ചത്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ 500 ഈട്ടി, തേക്ക് മരങ്ങളെങ്കിലും മുറിച്ചുകാണുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇടുക്കിയിൽ ഇതിലും കൂടുതൽ വരുമെന്നും കരുതുന്നു.
Read Also: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം; കെഎസ്ആർടിസി ഇനി കേരളത്തിന്റേത് മാത്രം
എന്നാൽ 1964-ലെ ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുകിട്ടുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും കർഷകർക്ക് മുറിക്കാമെന്നായിരുന്നു 2020-ലെ ഉത്തരവ്. ഇതിന് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും വ്യക്തമാക്കി. മരം മുറിക്കുന്നത് തടസ്സപ്പെടുത്തിയാൽ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥർക്കുനേരെ കർശന നടപടി സ്വീകരിക്കുമെന്ന താക്കീതും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിലുണ്ടായിരുന്നു. നടപടിയെക്കുറിച്ചുള്ള ഇത്തരം പരാമർശം സാധാരണ ഉത്തരവുകളിൽ ഉണ്ടാവാറില്ല.
Post Your Comments