കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. എന്നാൽ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മെയ് 31ന്റെ ഉത്തരവ് പ്രകാരം കല്യാണക്കുറി ഉണ്ടെങ്കിൽ മാത്രമേ തുണിക്കട, സ്വർണ്ണക്കട, ചെരുപ്പ്കട എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ. മറ്റുള്ളവർക്ക് ഹോം ഡെലിവറി മാത്രം അനുവദനീയമാണ്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തുമ്പോൾ അതിന്റ പ്രാധാന്യം മനസ്സിലാക്കണമെന്ന തരത്തിലുള്ള പ്രതികരണമാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചത്. ചില പ്രായോഗിക സാഹചര്യങ്ങൾ വിലയിരുത്തിയാണ് ശ്രീജിത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയത്. സവാളയോ ഉരുളക്കിഴങ്ങോ അരിയോ പയറോ വാങ്ങുന്നത് പോലെയല്ല ആഭരണവും, തുണിയും, ചെരുപ്പും വാങ്ങുന്നതെന്നും തുറക്കാത്ത പ്രസ്സ് തുറന്ന് കല്യാണക്കുറി ഒക്കെ അടിപ്പിക്കേണ്ട സാഹചര്യമാണെന്നും ശ്രീജിത്ത് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മെയ് 31ന്റെ സർക്കാർ ഉത്തരവ് പ്രകാരം കല്യാണക്കുറി ഉണ്ടെങ്കിൽ മാത്രമേ തുണിക്കട, സ്വർണ്ണക്കട, ചെരുപ്പ്കട എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ. മറ്റുള്ളവർക്ക് ഹോം ഡെലിവറി മാത്രം അനുവദനീയം.
ചില പ്രായോഗിക സാഹചര്യങ്ങൾ
[1] തുണിക്കടയിലേക്ക് പ്രവേശിക്കുമ്പോൾ വാതിൽക്കൽ മിസ്റ്റർ പോഞ്ഞിക്കര: “കല്യാണക്കുറി കാണിച്ചിട്ട് കേറിയാൽ മതി സാറേ. സാറേന്ന് തന്നെയല്ലേ താൻ കേട്ടത്?”
[2] സ്വർണ്ണക്കടയിലേക്ക് ഒരു ഹോം ഡെലിവറി ഓർഡർ:
“ഹലോ, യുധിഷ്ടിര ജുവലറിയല്ലേ? എനിക്ക് അഞ്ചു പവന്റെ ഒരു നെക്ക്ലേസ് വേണം.” “ഏത് മോഡൽ ആണു മാഡം വേണ്ടത്?”
“ആ… ഏതെങ്കിലും ഒരെണ്ണം എടുത്തോ. എന്റെ അഡ്രസ്…”
[3] തുണിക്കടയിലേക്ക് ഒരു ഹോം ഡെലിവറി ഓർഡർ:
“ഹലോ, വിവാഹ് മോചന സിൽക്സ് അല്ലേ? എനിക്ക് 42 സൈസിൽ ഒരു ഹാഫ് സ്ലീവ് സ്ലിം ഷർട്ട് വേണം.” “ഏത് വേണം സർ?”
“ലൂയി ഫിലിപ്പിന്റെ ഏതേലും ഒരെണ്ണം എടുത്തോ. മഞ്ഞയിൽ നീല വരയുള്ളത് കിട്ടുമെങ്കിൽ സന്തോഷം. എന്റെ അഡ്രസ്…”
[4] ചെരുപ്പ്കടയിലേക്ക് ഒരു ഹോം ഡെലിവറി ഓർഡർ:
“ഹലോ, മഹേഷാണ്. പ്രതികാരം ചെയ്യാനായി 9ന്റെ സൈസിലെ ഒരു ജോഡി ബാറ്റാ ചെരുപ്പ് വേണം.” “ഏത് മോഡൽ ആണ് സർ വേണ്ടത്?”
“അതൊന്നും അറിയില്ല. തനിക്ക് ഇഷ്ടമുള്ള ഏതേലും പൊതിഞ്ഞെടുത്തോ. എന്റെ അഡ്രസ്…”
പ്രിയപ്പെട്ട ഏമാന്മാരേ, സവാളയോ ഉരുളക്കിഴങ്ങോ അരിയോ പയറോ വാങ്ങുന്നത് പോലെയല്ല ആഭരണവും, തുണിയും, ചെരുപ്പും വാങ്ങുന്നത്. അതും ആകെ ഇരുപത് പേരെ പങ്കെടുപ്പിക്കാവുന്ന ചടങ്ങിൽ തുറക്കാത്ത പ്രസ്സ് തുറന്ന് കല്യാണക്കുറി ഒക്കെ അടിപ്പിക്കേണ്ട സാഹചര്യം! കല്യാണത്തിനു മാത്രം ആവശ്യമായ കാര്യങ്ങളല്ല തുണിയും ചെരുപ്പും മറ്റും. വീട്ടിൽ വെച്ച് ഇട്ടിരിക്കുന്ന ചെരുപ്പ് പൊട്ടിയാൽ പുതിയ ജോഡി വാങ്ങുന്നതിനായി മാത്രം കല്യാണം ഒക്കെ കഴിക്കാൻ പറ്റുമോ? അല്ലെങ്കിൽ തന്നെ, അതിനു ഭാര്യ സമ്മതിക്കുമോ?
Post Your Comments