പട്‌ന: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ കുട്ടികളിലെ പരീക്ഷണം ആരംഭിച്ചു. പട്‌നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് കുട്ടികളിൽ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നത്.
കുട്ടികളിൽ വാക്‌സിൻ പരീക്ഷണം നടത്താൻ ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളിലെ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. രണ്ടു മുതൽ പതിനെട്ട് വയസു വരെ പ്രായമുളള കുട്ടികളിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയതായി നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചിരുന്നു. മെയ് 11 നാണ് ഇത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചത്.
കോവിഡിനെതിരെയുള്ള പ്രധാന പ്രതിരോധ മാർഗമാണ് വാക്‌സിനേഷൻ. കുട്ടികളിൽ വാക്‌സിൻ പരീക്ഷണം ആരംഭിച്ചത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനുവരി 26 നാണ് രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിനുകൾക്കാണ് ആദ്യം രാജ്യത്ത് വിതരണാനുമതി ലഭിച്ചത്. പിന്നീട് റഷ്യയുടെ സ്പുട്‌നിക് എന്നീ വാക്‌സിനും വിതരണാനുമതി നൽകി. നിലവിൽ 18 വയസു മുതൽ 44 വയസുവരെ പ്രായമുളളവർക്കാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്.
Post Your Comments