ഇസ്‌ലാമാബാദ്: ഇന്ത്യാ–പാക് ബന്ധം നേരെയാകാൻ മാർഗ്ഗം പറഞ്ഞ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ തീരുമാനം പിൻവലിച്ചാൽ മാത്രമേ ഇന്ത്യാ–പാക് ബന്ധം ശരിയായ രീതിയിലാകുവെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. കശ്മീരിൽ സമാധാനമുണ്ടായാൽ മാത്രമേ പ്രദേശത്ത് അഭിവൃദ്ധിയുണ്ടാകുവെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനപ്രകാരമാണ് കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞതെന്നും, ഇത് രാജ്യാന്തര നിയമങ്ങളുടേയും യു.എൻ സുരക്ഷാ സമിതിയുടേയും ലംഘനമാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമലി റഹമോനുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ കശ്മീരിലെ ജനങ്ങളോട് വഞ്ചനയാണ് കാട്ടിയതെന്നും അതിനാൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം സാധാരണ രീതിയിലാക്കാൻ സാധിക്കില്ലെന്നും ഇമ്രാൻഖാൻ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തിൽ നിന്ന് ഇന്ത്യ പിൻമാറിയാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും ഇന്ത്യാ–പാക് ബന്ധം മോശമാകുന്നത് മധ്യ ഏഷ്യയ്ക്ക് മുഴുവനും നഷ്ടമാണെന്നും ഇമ്രാൻഖാൻ പറഞ്ഞു.
Post Your Comments