Latest NewsKeralaNews

കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണം

തിരുവനന്തപുരം: 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ഇത്തരം ആളുകള്‍ക്ക് വീടുകളില്‍ പോയി വാക്‌സിന്‍ നല്‍കുന്ന പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുന്‍ഗണനാ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിന്‍ നല്‍കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടെയും പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തുകയും വേണം. ഓരോ രോഗിയില്‍ നിന്നും വാക്‌സിനേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ.എസ്/സി.ബി.ഒ.എസ്.) പങ്കാളിത്തം ഉറപ്പാക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥര്‍ക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായം തേടാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ് യോഗ്യതയും രജിസ്‌ട്രേഷനുമില്ലാത്ത ജീവനക്കാര്‍ വാക്‌സിന്‍ നല്‍കാന്‍ പാടില്ല. എങ്കിലും ഒരു കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാവുന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി.പി.ഇ സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കണം. വാക്‌സിനേഷന്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. കൂടാതെ ഇ സഞ്ജീവനി സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. വാക്‌സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോകോളുകളും ശരിയായി പിന്തുടരേണ്ടതാണെന്നും ദിശ 1056, 104, 0471 2551056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button