കോഴിക്കോട്: സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. മുസ്ലീം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശയും ഉളവാക്കുന്നതാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, തൊഴില്‍ പ്രാതിനിധ്യ രംഗത്തെ മുസ്ലിം പിന്നോക്കാവസ്ഥ വാദിച്ചുറപ്പിക്കേണ്ട വിഷയമല്ലെന്നും കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന യാഥാര്‍ഥ്യമാണെന്നും കാന്തപുരം പറഞ്ഞു.
‘ചരിത്രപരവും അല്ലാത്തതുമായ പല കാരണങ്ങളാലാണ് മുസ്ലീം സമൂഹം പിന്നോക്കമായത്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ഈ പിന്നോക്കാവസ്ഥയുടെ ആഴം വെളിവാക്കിയിരുന്നു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ ഭീമമായ കുറവാണ് മുസ്ലീം സമുദായത്തിനുള്ളത്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ് അതിന്റെ പ്രധാന കാരണം. ആ അവസ്ഥയ്ക്കുള്ള പലവിധ പരിഹാരങ്ങളില്‍ ഒന്നാണ് സ്‌കോളര്‍ഷിപ്പുകളെന്നും’ കാന്തപുരം പറഞ്ഞു.
‘മിക്ക ന്യൂനപക്ഷങ്ങളും പിന്നോക്കാവസ്ഥയിലാണ് എന്നതില്‍ തര്‍ക്കമില്ല. അതിന് സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം. പലതരം പ്രതിസന്ധികള്‍ നേരിടുന്ന ഈ സമുദായത്തിന്റെ അതിജീവനത്തിനുള്ള പിടിവള്ളികളില്‍ ഒന്നായ സ്‌കോളര്‍ഷിപ്പിനെ സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിക്കൂടാ’ എന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
‘സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വേണ്ട രീതിയില്‍ പഠിക്കുകയും മുസ്ലീം സമുദായ ക്ഷേമത്തിനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം. അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. ഇക്കാര്യത്തില്‍ ഉയരുന്ന തര്‍ക്കങ്ങളിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളിലും മുസ്ലിം സമൂഹത്തിന് ആശങ്കയുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.
Post Your Comments