കൊച്ചി: ഒഎന്‍വി സാഹിത്യ പുരസ്‌ക്കാരത്തിന് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെതിരെ വ്യാപക പ്രതിഷേധം. വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ വനിത കളക്ടീവും രംഗത്ത് വന്നു.
Read Also : ചരിത്രമൊന്നും ബിജെപിക്കു ബാധകമല്ല, ഹിന്ദുത്വ- കോര്‍പ്പറേറ്റ് സേവ നടപ്പിലാക്കല്‍ ലക്ഷ്യം
ഡബ്ല്യൂസിസിയുടെ പ്രസ്താവന
ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിനായി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തിരഞ്ഞെടുത്ത തീരുമാനത്തെ WCC ശക്തമായി അപലപിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ശ്രീ എം.ടി വാസുദേവന്‍ നായര്‍, ശ്രീമതി സുഗത കുമാരി ടീച്ചര്‍, മഹാകവി അക്കിത്തം, ശ്രീമതി എം. ലീലാവതി എന്നിങ്ങനെ സാഹിത്യത്തിലെ അതുല്യ വ്യക്തിത്വങ്ങള്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്.
മലയാളിയുടെ ഭാവനയെയും വിപ്ലവസങ്കല്‍പ്പങ്ങളെയും ആഴത്തില്‍ സ്വാധീനിച്ച കവിയായിരുന്നു ശ്രീ ഒ.എന്‍.വി. കുറുപ്പ്. തന്റെ പ്രവര്‍ത്തനമേഖലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും ഉയര്‍ത്തിപ്പിടിച്ച ശ്രീ ഒ.എന്‍.വി. കുറുപ്പ് സഹപ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ആരാധ്യനായിരുന്നു. 2018 ഇല്‍ ആരംഭിച്ച #IndianMeToo മൂവ്മെന്റിന്റെ ഭാഗമായി വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമത്തിന്റെ ആരോപണങ്ങളുമായി 17 സ്ത്രീകളാണ് മുന്നോട്ട് വന്നത് – ഇതില്‍ ഭൂരിഭാഗവും തൊഴിലിടങ്ങളില്‍ നടന്ന അതിക്രമങ്ങളാണ്.
ലൈംഗിക അതിക്രമങ്ങള്‍ നടത്തിയ നിരവധി ആളുകളെ തുറന്ന് കാട്ടുക വഴി, ലോകമെമ്പാടും നിര്‍ണ്ണായകമായ പല മാറ്റങ്ങളാണ് #MeToo മൂവ്‌മെന്റ് കൊണ്ടുവന്നത്. തൊഴിലിടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന PoSH Act 2013 അടക്കമുള്ള നിയമങ്ങള്‍ സിനിമ മേഖലയില്‍ പ്രാവര്‍ത്തികമാവാനും കാരണമായത് #MeToo വെളിപ്പെടുത്തലുകളാണ്.
സാമൂഹ്യനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങളില്‍ കലാ-സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സര്‍ഗ്ഗാത്മക ഇടപെടലുകളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മള്‍. ശ്രീ ഒ.എന്‍.വി.കുറുപ്പ് തന്റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എന്‍.വി ലിറ്റററി അവാര്‍ഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ? കല ഒരിക്കലും പീഡനങ്ങള്‍ക്കുള്ള ഒരു മറയാവരുത്!
Post Your Comments