വരാനിരിക്കുന്ന സമ്മറിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്‌സലോണ. മെസ്സിയുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാനാണ് ബാഴ്‌സലോണയുടെ തീരുമാനമെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. മെസ്സി ബാഴ്‌സലോണയിൽ തുടരുമെന്ന് അദ്ദേഹവുമായി ഏറെ അടുപ്പമുള്ള മാധ്യമ പ്രവർത്തകൻ അക്രാഫ് ബെൻ അയാദിനെ ഉദ്ധരിച്ചാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലാലിഗയിൽ ബാഴ്‌സലോണയ്ക്ക് ഇത്തവണ മാഡ്രിഡ് ടീമുകൾ പിന്നിൽ മൂന്നാമത് എത്താനെ കഴിഞ്ഞിരുന്നുള്ളൂ. ഈ സീസണിൽ ബാഴ്‌സയ്ക്ക് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും സ്പാനിഷ് ലീഗിലെ ടോപ് സ്‌കോറർ എന്ന നേട്ടം കൈവരിക്കാൻ മെസ്സിക്കായി. 30 ഗോളുമായി പിച്ചീച്ചി ട്രോഫി നേടിയ താരം തുടർച്ചായി അഞ്ചു തവണ ടോപ് സ്‌കോറർ പദവി ആർക്കും വിട്ടുകൊടുത്തില്ല. ലീഗിൽ പിന്നിലായി പോയതോടെ കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല.
ഏതാനും മാസങ്ങളായി മെസ്സി എവിടേക്ക് പോകുമെന്ന കാര്യം വലിയ ചർച്ചയായിരുന്നു. ഇഷ്ട പരിശീലകനായ ഗ്വാർഡിയോള കോച്ചായ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തന്നെ വളർത്തിയ ബാഴ്‌സലോണയോടുള്ള കടപ്പാട് തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.
Post Your Comments