തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തില്‍ പ്രതീക്ഷിച്ച കുറവ് ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടു. എന്നാല്‍, സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളില്‍ നിന്ന് തന്നെയാണ് മലപ്പുറത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാല്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടരുകയും ഇയാളില്‍ നിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് പോലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഇതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്. തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Post Your Comments