26 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അടുത്ത വര്‍ഷം ‘വിരമിക്കുമെന്ന്’ ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പുറത്തിറക്കിയത്. എന്നാല്‍ 2022 ജൂണിനുശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ സേവനം ലഭിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് പുതിയ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്. പകരക്കാരനായി ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കാം.
ടെക് ഭീമന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് വരികയായിരുന്നു. എന്നാല്‍ ഈ സമയത്താണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ഏകദേശം 8% ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞത്. പക്ഷെ 2021 ല്‍ എത്തി നില്‍ക്കുമ്പോള്‍ എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ്. വേഗതയും സുരക്ഷിതത്വവും
വളരെ പഴയ ചില വെബ്‌സൈറ്റുകളും പഴയ വെബ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചവും ആധുനിക ബ്രൗസറുകള്‍ക്ക് പ്രോസസ്സിംഗ് തടസ്സങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പുതിയ ബ്രൌസര്‍ ‘വേഗതയേറിയതും കൂടുതല്‍ സുരക്ഷിതവും ആധുനികമായ ബ്രൌസിംഗ് അനുഭവം’ വാഗ്ദാനം ചെയ്യുന്നതുമാണെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജര്‍ സീന്‍ ലിന്‍ഡെര്‍സെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. പഴയ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യാനും മൈക്രോസോഫ്റ്റ് എഡ്ജ് മികച്ചതാണെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.
2000 നും 2005 നും ഇടയില്‍, ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് 90% വിപണി വിഹിതം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഗൂഗിള്‍ (Google Chrome) ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ബ്രൌസര്‍. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളില്‍ ഇതര ബ്രൌസറുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് 2013ല്‍ മൈക്രോസോഫ്റ്റിന് 561 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു.
2010 ല്‍ കമ്പനി ഒരു “ബ്രൌസര്‍ ചോയ്സ്” പോപ്പ്-അപ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഒരു അപ്‌ഡേറ്റില്‍ ഈ സവിശേഷത കമ്പനി ഉപേക്ഷിച്ചു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്.
ടെക് ഭീമന്‍ ഈ വര്‍ഷം ഏപ്രിലില്‍ മൈക്രോസോഫ്ടിന്റെ ഡിഫോള്‍ട്ട് ഫോണ്ടായ കാലിബ്രിയെ നീക്കം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഫോണ്ട് വികസിപ്പിക്കേണ്ട സമയമായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് ഇതിന് വിശദീകരണമായി അറിയിച്ചത്. ഏകദേശം 15 വര്‍ഷമായി ഡിഫോള്‍ട്ട് ഫോണ്ടില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലിബ്രിയാണ് മൈക്രോസോഫ്ട് നിര്‍ത്തലാക്കാന്‍ പോകുന്നത്.
മൈക്രോസോഫ്റ്റ് ഓഫീസിലുടനീളം ടൈംസ് ന്യൂ റോമന് പകരമായി 2007 മുതല്‍ കാലിബ്രിയായിരുന്നു ഡിഫോള്‍ട്ട് ഫോണ്ട്. കാലിബ്രിയ്ക്ക് പകരം ഡിഫോള്‍ട്ട് ഫോണ്ടായി തിരഞ്ഞെടുക്കാന്‍ അഞ്ച് ഫോണ്ടുകളാണ് മൈക്രോസോഫ്ട് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവയില്‍ ഏതാണ് മികച്ചത് എന്നറിയാന്‍ കമ്പനി ജനങ്ങളുടെ പ്രതികരണം തേടിയിട്ടുണ്ട്. അഞ്ച് പുതിയ സാന്‍സ്-സെരിഫ് ഫോണ്ടുകള്‍ പലതരം ശൈലികളിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2022ല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഡിഫോള്‍ട്ട് ഫോണ്ടായി സജ്ജമാക്കാനാണ് പദ്ധതി.
Post Your Comments