കാഠ്മണ്ഡു: അതിര്‍ത്തിയില്‍ ചൈന കയ്യേറ്റം നടത്തുന്നുവെന്ന് നേപ്പാള്‍. ദൗല്‍ഖാ ജില്ലയിലെ അതിര്‍ത്തി തിരിച്ച് ഇട്ടിരുന്ന തൂണുകളടക്കം ചൈന എടുത്തുമാറ്റിയിരിക്കുകയാണ്. നേപ്പാളിന് ശക്തമായ സേനയില്ലാത്തത് ചൈന മുതലെടുക്കുകയാണെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് നേപ്പാളിന്റെ ഔദ്യോഗിക പ്രസ്താവന.
കയ്യേറുന്ന പ്രദേശത്ത് ഉടന്‍ ചുവന്നകൊടി ഉയര്‍ത്തുകയാണ് ചൈനയുടെ സ്ഥിരമായ രീതി. ഇതിന് പിന്നാലെ ഈ മേഖലയില്‍ താത്ക്കാലികമായ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കുകയും ചെയ്യുമെന്ന് നേപ്പാളി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 1960ലെ ധാരണകളും 61ലെ ഔദ്യോഗിക കരാറുകളും ലംഘിച്ചാണ് ചൈന നേപ്പാളിന്റെ ഭൂമി കയ്യേറുന്നത്. അതിര്‍ത്തി തിരിക്കാനായി 76 തൂണുകളാണ് സ്ഥാപിച്ചിരുന്നതെങ്കിലും ഇവയില്‍ പലതും എടുത്തുമാറ്റിയ ശേഷം അവിടെ ചൈനീസ് പട്ടാളം ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ചൈന നേപ്പാള്‍ അതിര്‍ത്തിയില്‍ വന്‍ കയ്യേറ്റമാണ് നടത്തിയത്. രണ്ടു ജില്ലകളിലായി ചൈന 11 കെട്ടിടങ്ങള്‍ പണിതതായി അന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ നേപ്പാളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചൈന നിരന്തരമായി പ്രകോപനം തുടരുകയാണ്. ശക്തമായ സൈനിക ബലമുള്ള ഇന്ത്യയുടെ അതിര്‍ത്തികളിലും ചൈനീസ് പട്ടാളം പ്രകോപനം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments