തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ തുടക്കം മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. 800 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നുവെന്നായിരുന്നു ആദ്യവാർത്ത. എന്നാൽ, ഇതിനെതിരെ നിരവധി പേർ രംഗത്തെത്തി. വിവാദമായപ്പോൾ 800 ഇല്ലെന്നും 500 പേർ മാത്രമാണ് പങ്കെടുക്കുന്നതെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തെത്തിയിരുന്നു. 500 ഒരു വലിയ സംഖ്യ അല്ലെന്നായിരുന്നു മുഖ്യന്റെ വാദം.
കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് കൊണ്ട് മാധ്യമപ്രവർത്തകർ അടക്കം ചടങ്ങിൽ ആകെ പങ്കെടുക്കുക 500 പേരായിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും പരിവാരങ്ങളും ഘോരം പ്രസംഗിച്ചത്. എന്നാൽ, ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്കുള്ള ഗെയ്റ്റ് പാസിൽ 546 എന്ന് ക്രമ നമ്പർ എഴുതിയിരിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നതോടെയാണ് കണക്കിലെ കളി സോഷ്യൽ മീഡിയ പൊളിച്ചത്.
500 പേർ പങ്കെടുക്കുമെന്ന് പറയുന്ന ചടങ്ങിൽ എന്തിനാണ് 546 ക്രമ നമ്പറുള്ള ഗെയ്റ്റ് പാസെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. ഇനിയിപ്പോൾ 546 കഴിഞ്ഞിട്ടാണോ 500 എന്ന സംശയമാണ് ട്രോളർമാർ ചോദിക്കുന്നത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് കണക്ക് പഠിച്ചത് വെറുതേ ആയല്ലോ എന്നും പരിഹാസരൂപേണ ചോദിക്കുന്നവരുണ്ട്. ഏതായാലും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ ‘കള്ളക്കളി’യും ഇതോടെ പുറത്താകുന്നുവെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments