
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വിപുലമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളമുള്ള 86 റെയില്‍വെ ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ പദ്ധതി തയ്യാറായി. എല്ലാ റെയില്‍വെ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സജ്ജീകരിക്കാനാണ് തീരുമാനം.
നിലവില്‍ 4 ഓക്‌സിജന്‍ പ്ലാന്റുകളാണ് റെയില്‍വെയുടെ കോവിഡ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നത്. 52 എണ്ണം കൂടി അനുവദിച്ചിട്ടുണ്ട്. കൂടാതെ 30 എണ്ണം പ്രവര്‍ത്തന പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. ഇവയെല്ലാം പ്രവര്‍ത്തനസജ്ജമാകുന്നതോടെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ റെയില്‍വെ ആശുപത്രികളില്‍ യഥേഷ്ടം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.
കോവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ എണ്ണം 2539ല്‍ നിന്ന് 6972 ആയി ഉയര്‍ത്തിയെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. കോവിഡ് ആശുപത്രികളിലെ ഐസിയു ബെഡുകള്‍ 273ല്‍ നിന്ന് 573 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍വേസീവ് വെന്റിലേറ്ററുകളുടെ എണ്ണം 62ല്‍ നിന്ന് 296 ആയി ഉയര്‍ത്തി. കോവിഡ് ബാധിച്ച ജീവനക്കാരെ ആവശ്യാനുസരണം റഫറല്‍ അടിസ്ഥാനത്തില്‍ എംപാനല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കാമെന്നും റെയില്‍വെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments