തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തിലകമായ ശംഖുംമുഖം ബീച്ച് കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. ബീച്ചിനായി നിര്‍മ്മിച്ച പടവുകളും നടവഴിയുമടക്കം തീരത്തോട് ചേര്‍ന്ന നിര്‍മ്മാണങ്ങളെല്ലാം രാക്ഷസത്തിരമാലകള്‍ വിഴുങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 5 കോടി മുടക്കി ആരംഭിച്ച നിര്‍മ്മാണങ്ങളാണ് ഇതോടെ തകര്‍ന്നടിഞ്ഞത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനായി വൃത്താകൃതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ആറാട്ട് കടവും തകര്‍ന്നു.
ബീച്ചിലേക്ക് ടൈല്‍ പാകിയ നടവഴിയും ലാന്‍ഡ് സ്കേപ്പിംഗും ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമെല്ലാം സ്ഥാപിക്കുന്ന പണി ഏകദേശം പൂര്‍ത്തിയായി വരികയായിരുന്നു. നേരത്തേ ബീച്ചിലേക്കിറങ്ങുന്ന കല്‍പ്പടവുകള്‍ കഴിഞ്ഞാല്‍ ഏകദേശം നൂറ് മീറ്ററോളം തീരമുണ്ടായിരുന്നു. ഇപ്പോള്‍ വടക്കു ഭാഗത്തെ പഴയ കല്‍മണ്ഡപത്തിന് സമീപം വരെ കടല്‍ കയറി.
ഇങ്ങനെ പോയാല്‍ കല്‍മണ്ഡപത്തിന് എത്ര ദിവസത്തെ ആയുസെന്ന് ആര്‍ക്കുമറിയില്ല.ശംഖുംമുഖം കൊട്ടാരത്തിന് പിന്നിലായി തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവരും ആശങ്കയിലാണ് .ശക്തമായ തിരയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഈ മേഖലയിലെ മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശംഖുംമുഖം തീരത്തോട് ചേര്‍ന്ന് കരയില്‍ കയറ്റിയിട്ടിരുന്ന രണ്ടു മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നു.
ഓഖിയെത്തുടര്‍ന്നാണ് ആദ്യമായി ശംഖുംമുഖം തീരം തകര്‍ന്നത്. അന്ന് എയര്‍പോര്‍ട്ട് റോഡിന്റെ ഒരുഭാഗവും ഒലിച്ചുപോയിരുന്നു. ബീച്ചിനായി നിര്‍മ്മിച്ച കല്‍പ്പടവുകളും ഇരിപ്പിടങ്ങുളുമെല്ലാം അന്ന് കടലെടുത്തുപോയിരുന്നു. ഏറെവര്‍ഷങ്ങള്‍ അങ്ങനെതന്നെ കിടന്നു. അടുത്തിടെയാണ് ശംഖുംമുഖം തീരത്തിന്റെ സൗന്ദര്യവത്‌കരണവും റോഡിന്റെ പുനര്‍നിര്‍മ്മാണവും ആരംഭിച്ചത്. ഇതിനായി റോഡിന്റെ തകര്‍ന്ന ഭാഗത്ത് മണ്ണിട്ട് നിരത്തി കോണ്‍ക്രീറ്റ് ചെയ്യാനുള്ള പണി ആരംഭിച്ചിരുന്നു.
അതേസമയം തകര്‍ന്ന ശംഖുംമുഖം റോഡും വലിയതുറ പാലവും അടിയന്തരമായി പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ വി.എസ്.ശിവകുമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കത്തുനല്‍കിയത്.2018 ല്‍ കടലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന ശംഖുംമുഖം റോഡ് ഇപ്പോള്‍ പൂര്‍ണമായി നശിച്ചു. ശംഖുംമുഖം റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കണം. എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments